ചെന്നെ:തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യുടെ ഔദ്യോഗിക ഓഫീസില്‍ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ് സി.എൻ. അണ്ണാദുരൈയുടെ ചിത്രം മാത്രം സ്ഥാപിച്ചത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചർച്ചയായിരിക്കുകയാണ്. ഭരണസിരാകേന്ദ്രമായ കോട്ട സെന്റ് ജോർജിലെ തന്റെ ഓഫീസില്‍ മറ്റ് നേതാക്കളുടെ ചിത്രങ്ങള്‍ ഒഴിവാക്കി അണ്ണാദുരൈയുടെ ചിത്രം മാത്രം വെച്ചതിലൂടെ കൃത്യമായ രാഷ്ട്രീയ സന്ദേശമാണ് വിജയ് നല്‍കുന്നത്. തമിഴ്നാടിന്റെ തനിമയും ദ്രാവിഡ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുമെന്ന പ്രഖ്യാപനമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
നേരത്തെ തന്റെ പ്രസംഗങ്ങളില്‍ അണ്ണാദുരൈയെ കുറിച്ച് വിജയ് പരാമർശിച്ചത് ഡിഎംകെ, എഐഎഡിഎംകെ നേതാക്കളെ ചൊടിപ്പിച്ചിരുന്നു. അണ്ണാദുരൈയുടെ പാരമ്പര്യം അവകാശപ്പെടാൻ തമിഴക വെട്രി കഴകത്തിന് അവകാശമില്ലെന്നായിരുന്നു ഇരു പാർട്ടികളുടെയും നിലപാട്. എന്നാല്‍, അണ്ണാദുരൈ ഏതെങ്കിലും ഒരു പാർട്ടിയുടെ മാത്രം സ്വത്തല്ലെന്നും അദ്ദേഹം തമിഴ്നാടിന്റെ മുഴുവൻ നേതാവാണെന്നുമാണ് വിജയ് ഇതിന് മറുപടി നല്‍കിയത്. ഈ നിലപാടിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പുതിയ മാറ്റം.
അണ്ണാദുരൈയുടെ ചിത്രം മാത്രം സ്ഥാപിച്ചതിലൂടെ നിലവിലെ ദ്രാവിഡ കക്ഷികളില്‍ നിന്ന് വ്യത്യസ്തമായ പാതയാണ് താൻ സ്വീകരിക്കുന്നതെന്ന് വിജയ് വ്യക്തമാക്കുന്നു. ഭരണത്തില്‍ പുലർത്താൻ പോകുന്ന സുതാര്യതയുടെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെയും പ്രതീകമായാണ് അനുയായികള്‍ ഇതിനെ കാണുന്നത്. എന്നാല്‍ പരമ്പരാഗത ദ്രാവിഡ പാർട്ടികള്‍ വിജയ്‌യുടെ ഈ നീക്കത്തെ എങ്ങനെ നേരിടുമെന്നാണ് തമിഴ് രാഷ്ട്രീയം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

