കൊച്ചി: സംസ്ഥാനത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമാകുന്നു. എണ്ണക്കമ്പനികള്‍ വിതരണം ഗണ്യമായി കുറച്ചതോടെ ഉപഭോക്താക്കള്‍ കടുത്ത പ്രതിസന്ധിയിലായതായി ഗ്യാസ് ഏജന്‍സികള്‍ അറിയിച്ചു. ആവശ്യത്തിന് സിലിണ്ടറുകള്‍ ലഭിക്കാത്തതിനാല്‍ ബുക്ക് ചെയ്തിട്ടും ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ് പല സ്ഥലങ്ങളിലും. മുന്‍പ് ദിവസേന രണ്ടു ലോഡ് സിലിണ്ടറുകള്‍ ലഭിച്ചിരുന്ന ഏജന്‍സികള്‍ക്ക് ഇപ്പോള്‍ ഒരു ലോഡ് മാത്രമാണ് അനുവദിക്കുന്നത്. ഒരു ലോഡില്‍ ഏകദേശം 40 സിലിണ്ടറുകള്‍ മാത്രമേ വിതരണം ചെയ്യാനാകൂ. എന്നാല്‍ ദിവസേന നൂറിലധികം ബുക്കിങ്ങുകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ആവശ്യത്തിനൊത്ത വിതരണം സാധ്യമാകുന്നില്ലെന്നാണ് ഏജന്‍സി ഉടമകള്‍ പറയുന്നത്.
സിലിണ്ടര്‍ ബുക്ക് ചെയ്യുന്നതിനും എണ്ണക്കമ്പനികള്‍ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ട്. 28 ദിവസത്തെ ഇടവേളയ്ക്ക് ശേഷമേ വീണ്ടും ബുക്കിങ് അനുവദിക്കൂ. കൂടാതെ കഴിഞ്ഞ മൂന്നുമാസമായി പുതിയ ഗ്യാസ് കണക്ഷനുകളും അനുവദിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. പെട്രോള്‍ പമ്പുകള്‍ വഴി ലഭിച്ചിരുന്ന അഞ്ചുകിലോ ‘ഛോട്ടു’ ഗ്യാസ് സിലിണ്ടറുകളുടെ വിതരണവും മിക്ക മേഖലകളിലും നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതിനിടെ വാണിജ്യ സിലിണ്ടറുകളുടെ വിലവര്‍ധനവ് കാരണം നിരവധി ഹോട്ടലുകള്‍ ഇതിനോടകം സാമ്പത്തിക പ്രതിസന്ധിയിലാണ്. ഗാര്‍ഹിക സിലിണ്ടറുകളുടെ ക്ഷാമവും ശക്തമായതോടെ സാധാരണ കുടുംബങ്ങളുടെ അടുക്കള പ്രവര്‍ത്തനവും ആശങ്കയിലായി.

