പനവല്ലിയിൽ ബൈക്ക് യാത്രക്കാരന് നേരെ കാട്ടാനയുടെ ആക്രമണം; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവാവ്

കാട്ടിക്കുളം: രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബൈക്ക് യാത്രികനായ യുവാവിനെ കാട്ടാന ആക്രമിച്ചു. പനവല്ലി പോറ്റൂർ ഹരീഷിനെയാണ് കപ്പിക്കണ്ടി ഭാഗത്ത് വെച്ച് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രി 9 മണിയോടെ ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. പനവല്ലി കപ്പിക്കണ്ടി ഭാഗത്ത് എത്തിയപ്പോൾ റോഡിൽ ആന നിൽക്കുന്നത് കണ്ട ഹരീഷ് പെട്ടെന്ന് ബൈക്ക് നിർത്തി തിരിച്ചു പോകാനായി ശ്രമിച്ചു. ഈ സമയം ആന സമീപത്തെ തോട്ടത്തിലേക്ക് ഇറങ്ങിപ്പോയി. ആന തോട്ടത്തിലേക്ക് മാറിയെന്ന് കരുതി ഹരീഷ് ബൈക്ക് മുന്നോട്ട് എടുക്കാൻ ശ്രമിച്ചപ്പോൾ അപ്രതീക്ഷിതമായി ആന ഓടി വരികയായിരുന്നു. ആന തന്നെ ലക്ഷ്യം വെച്ച് ഓടിയടുക്കുന്നത് കണ്ട് ഹരീഷ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നിലത്തു വീഴുകയായിരുന്നു. തുടർന്ന് ആന കാല് കൊണ്ട് തട്ടിയതായും, തലയ്ക്ക് അമർത്തിയതായും ഹരീഷ് പറയുന്നു.

 

ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മാത്രമാണ് രക്ഷപ്പെട്ടതെന്നും, ഹെൽമറ്റ് ഞെരിഞ്ഞമർന്ന് ഗ്ലാസ് പൊട്ടിയെങ്കിലും താൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നെന്നും ഹരീഷ് പറഞ്ഞു. തുടർന്ന് ഓടിമാറിയ ഹരീഷ് സുഹൃത്തുക്കളെ ഫോണിൽ വിളിച്ചു വരുത്തിയ ശേഷം അവരുടെ സഹായത്തോടെ വീട്ടിലെത്തുകയായിരുന്നു. മുഖത്തും മറ്റും പരിക്കേറ്റ ഹരീഷ് വയനാട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഹരീഷ് സഞ്ചരിച്ച ബുള്ളറ്റ് കാട്ടാന തകർത്തിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *