കർണാടകത്തിലെ ഹിജാബ് നിരോധനം പിൻവലിച്ചു; പുതിയ ഉത്തരവിറക്കി സിദ്ധരാമയ്യ സർക്കാർ

ബെംഗളൂരു: കർണാടകത്തിൽ കഴിഞ്ഞ ബി.ജെ.പി. സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഹിജാബ് നിരോധനം പിൻവലിച്ച് സിദ്ധരാമയ്യസർക്കാർ. വിദ്യാർഥികൾക്ക് നിർദിഷ്ട യൂണിഫോമുകൾക്കൊപ്പം ഹിജാബ് ഉൾപ്പെടെ ധരിക്കാൻ അനുമതിനൽകിക്കൊണ്ട് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.

 

പരമ്പരാഗതവും ആചാരാധിഷ്ഠിതവുമായ ചിഹ്നങ്ങൾ പരിമിതമായി’ ധരിക്കാമെന്ന് ഉത്തരവിൽ വ്യക്തമാക്കി. ഇതോടെ ഹിജാബ്, തലപ്പാവ്, പൂണൂൽ, രുദ്രാക്ഷമണികൾ തുടങ്ങിയവ ധരിക്കാം. അനുവദനീയമായ പരമ്പരാഗത ചിഹ്നങ്ങൾ ധരിച്ചതിന് ഒരു വിദ്യാർഥിയെയും ക്ലാസുമുറിയിലോ സ്ഥാപനങ്ങളിലോ പരീക്ഷാഹാളിലോ പ്രവേശനം നിഷേധിക്കാൻ കഴിയില്ലെന്ന് ഉത്തരവിൽ പറഞ്ഞു. അതേസമയം, യൂണിഫോമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഇത് ഇല്ലാതാക്കാൻ പാടില്ലെന്നും ഉത്തരവിൽ പറഞ്ഞു. മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നത് നിർബന്ധിക്കാൻ പാടില്ലെന്നും വ്യക്തമാക്കി

 

2022-ലാണ് അന്നത്തെ സർക്കാർ സ്കൂളുകളിലും പി.യു. കോളേജുകളിലും ഹിജാബ് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാലയങ്ങളിൽ യൂണിഫോം കോഡ് നിർബന്ധമാക്കുകയും ഹിജാബുപോലുള്ള മതപരമായ വസ്ത്രങ്ങൾ നിരോധിക്കുകയുമായിരുന്നു. ഉഡുപ്പിയിലെ ഗവ. പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ഹിജാബ് ധരിച്ചെത്തിയ ആറുവിദ്യാർഥിനികളെ ക്ലാസിലിരിക്കാൻ അനുവദിക്കാതിരുന്നതിനെത്തുടർന്നുണ്ടായ വിവാദത്തിനൊടുവിലാണ് സർക്കാർ അന്ന് ഉത്തരവിറക്കിയത്. സംഭവം വൻ വിവാദമാകുകയും പലയിടങ്ങളിലും സാമുദായികസംഘർഷത്തിനിടയാക്കുകയും ചെയ്തിരുന്നു.

 

സർക്കാർ ഉത്തരവിനെ ചോദ്യംചെയ്ത് വിദ്യാർഥിനികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നിരോധനം കോടതി ശരിവെച്ചു. തുടർന്ന്, വിദ്യാർഥിനികൾ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയിൽനിന്ന് പക്ഷേ, ഭിന്നവിധിയാണുണ്ടായത്. രണ്ട് ജഡ്ജിമാരടങ്ങിയ ബെഞ്ചിൽ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത നിരോധനത്തെ അനുകൂലിക്കുകയും ശുധാംശു ധൂളിയ എതിർക്കുകയുംചെയ്തു. 2022 ഒക്ടോബർ 13-നായിരുന്നു സുപ്രീംകോടതി വിധി. കേസ് സുപ്രീംകോടതിയുടെ വിശാലബെഞ്ച് പരിഗണിക്കാനിരിക്കെയാണ് സംസ്ഥാനസർക്കാർ നിരോധനം പിൻവലിച്ചുകൊണ്ട് പുതിയ ഉത്തരവിറക്കിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *