നാൽപത് വയസിന് താഴെയുള്ള മുതിര്‍ന്നവരില്‍ 20 ശതമാനത്തിലധികം പേര്‍ക്കും മാനസിക സമ്മര്‍ദം, വ്യായാമമില്ലായ്മ, ഉറക്കക്കുറവ് തുടങ്ങിയവ കാരണം ഉയര്‍ന്ന രക്തസമ്മര്‍ദം നേരിടുന്നുവെന്ന് ഐസിഎംആര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. രക്തസമ്മര്‍ദത്തെ നിര്‍ണയിക്കുന്ന ഒരു പ്രധാന ഘടകമാണ് ഭക്ഷണക്രമം. ഭക്ഷണത്തില്‍ ഉപ്പിന്റെ വര്‍ധിച്ച ഉപഭോഗം, മധുരപലഹാരങ്ങള്‍, ജങ്ക് ഫുഡ് എന്നിവ പതിവായാല്‍ രക്തസമ്മര്‍ദം ഉയരാനുള്ള സാധ്യത കൂടുതലാണ്. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങള്‍, മെലിഞ്ഞ പ്രോട്ടീന്‍, കൊഴുപ്പ് കുറഞ്ഞ പാല്‍ ഉല്‍പ്പന്നങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ വ്യായാമം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം സുഖമമാക്കാനും സഹായിക്കും. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യുന്നതിനായി മാറ്റിവെക്കുക. വേഗത്തിലുള്ള നടത്തം, സൈക്ലിങ് അല്ലെങ്കില്‍ നീന്തല്‍ പോലുള്ള മിതമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാവുന്നതാണ്.
വെയ്റ്റ് ലിഫ്റ്റിങ്, പുഷ്-അപ്പുകള്‍ പോലുള്ള ശക്തി പരിശീലന വ്യായാമങ്ങള്‍ ആഴ്ചയില്‍ രണ്ടുതവണ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും. മാനസിക സമ്മര്‍ദം കൈകാര്യം ചെയ്യുന്നതിന് ധ്യാനം, യോഗ പോലുള്ള പരിശീലിക്കുന്നത് ഗുണകരമാണ്. മാത്രമല്ല, ഉറക്കത്തില്‍ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഏഴ് മുതല്‍ ഒന്‍പതു മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രമിക്കുക. പുകവലിയും മദ്യപാനവും പോലുള്ള ശീലങ്ങള്‍ ഹൃദയത്തിന്റെ ആരോഗ്യം മോശമാക്കാനും രക്തസമ്മര്‍ദം ഉയരാനും കാരണമാകും.

