മാനന്തവാടി: മാനിനെ വേട്ടയാടിയ രണ്ടുപേർ മാനിറചിയുമായി പിടിയിൽ വരടിമൂല കിഴക്കയിൽ ഹൗസിൽ ഷിനോജ് (46), കമ്മന വട്ടപ്പാറയിൽ ഹൗസിൽ ബിജു (43) എന്നിവരേയാണ് ബേഗൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. രഞ്ജിത്ത് കുമാർ, തിരുനെല്ലി സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.വി. ബിന്ദു, എം. മാധവൻ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റു ചെയ്തത്. രഹസ്യവിവരത്തെ തുടർന്ന് വനപാലകർ നടത്തിയ പരിശോധനയിലാണ് കാട്ടിക്കുളം വെള്ളാഞ്ചേരിയിലുള്ള എസ്റ്റേറ്റിലെ ഒഴിഞ്ഞ കെട്ടിടത്തിൽനിന്നു 1.3 കിലോ മാനിറച്ചിയുമായി ഷിനോജിനെ പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിജുവിനും പങ്കുള്ളതായി വ്യക്തമായത്. ഷിനോജ് അറിയിച്ചതു പ്രകാരമാണ് ബിജു സുഹൃത്തുക്കളായ രാജേഷ്, അപ്പു, പ്രസാദ് എന്നിവർക്കൊപ്പം വെള്ളാഞ്ചേരിയിലെത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മറ്റുള്ള മൂന്നുപേരെ ഇതുവരെ പിടികൂടിയിട്ടില്ല. ഇവരെ അടുത്ത ദിവസം തന്നെ അറസ്റ്റു ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഷിനോജിനേയും ബിജുവിനേയും മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) റിമാൻഡ് ചെയ്തു. നോർത്ത് വയനാട് വനം ഡിവിഷൻ പരിധിയിൽ വരുന്ന സ്വകാര്യ എസ്റ്റേറ്റുകളും വനാതിർത്തിയും വന്യമൃഗവേട്ട നടക്കുന്നുവെന്ന വിവരത്തെ തുടർന്ന് വനപാലകർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നു കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്. രഞ്ജിത്ത് കുമാർ പറഞ്ഞു.

