സുൽത്താൻ ബത്തേരി: ചീരാൽ മുത്താച്ചിക്കുഴി പ്രദേശത്ത് കടുവഭീതി തുടരുന്നു. ദിവസങ്ങൾക്കു മുന്പ് പ്രദേശവാസിയുടെ പോത്തിനെ കടുവ കൊന്നതും പാതിഭക്ഷിച്ച നിലയിൽ കണ്ടെത്തിയതുമാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയത്. സംഭവത്തെ തുടർന്ന് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തി ആക്രമണം നടത്തിയത് കടുവയാണെന്ന് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് കൂട് സ്ഥാപിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും കടുവ കൂട്ടിൽ കയറാത്തത് നാട്ടുകാരുടെ ആശങ്ക വർധിപ്പിക്കുകയാണ്.
മുത്താച്ചിക്കുഴി, കുട്ടൻതുരുത്ത്, സമീപത്തെ വയൽപ്രദേശങ്ങൾ എന്നിവിടങ്ങളിലായി കടുവയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ പറയുന്നു. രാത്രികാലങ്ങളിൽ വളർത്തുമൃഗങ്ങളെ പുറത്തുവിടാൻപോലും ഭയപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിരവധി കുടുംബങ്ങൾ രാത്രി ഉറക്കമില്ലാതെ കഴിയുകയാണെന്നും പ്രദേശവാസികൾ പറയുന്നു. ജനവാസ മേഖലയോട് ചേർന്ന പ്രദേശങ്ങളിലായി കടുവ സഞ്ചരിക്കുന്നുവെന്ന ആശങ്ക ശക്തമായതോടെ കൂടുതൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. സ്‌കൂൾ വിദ്യാർഥികളും തൊഴിലാളികളും ഭീതിയോടെയാണ് യാത്ര ചെയ്യുന്നതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.

