ഇന്ത്യയെ ചോദ്യം ചെയ്യാൻ വളർന്നിട്ടില്ല; ഓസ്‌ലോയിൽ വിദേശ മാധ്യമ പ്രവർത്തകന്റെ വായടപ്പിച്ച് സിബി ജോർജ്

ഓസ്‌ലോ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോർവേ സന്ദർശനത്തിനിടെ, ഇന്ത്യൻ ജനാധിപത്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും ചോദ്യം ചെയ്ത വിദേശ മാധ്യമപ്രവർത്തകന് ശക്തമായ ഭാഷയിൽ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം. നോർവേയിലെ ഓസ്‌ലോയിൽ നടന്ന വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സിബി ജോർജ് ആണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

 

ഇന്ത്യയെ എന്തിന് വിശ്വസിക്കണം എന്ന നോർവീജിയൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് കൃത്യമായ കണക്കുകളും ഭരണഘടനാ മൂല്യങ്ങളും നിരത്തിയാണ് ഇന്ത്യൻ നയതന്ത്രജ്ഞൻ മറുപടി നൽകിയത്. ചില “അറിവില്ലാത്ത സന്നദ്ധ സംഘടനകളുടെ” റിപ്പോർട്ടുകൾ മാത്രം വായിച്ച് ചോദ്യങ്ങൾ ഉന്നയിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

 

“ലോകജനസംഖ്യയുടെ ആറിലൊന്ന് ഇന്ത്യയിലാണ്. എന്നാൽ ലോകത്തിലെ പ്രശ്നങ്ങളുടെ ആറിലൊന്ന് ഇന്ത്യയിലില്ല. പൗരന്മാരുടെ മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന ശക്തമായ ഭരണഘടന ഞങ്ങൾക്കുണ്ട്,” സിബി ജോർജ് പറഞ്ഞു. അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ ഏത് പൗരനും കോടതിയെ സമീപിക്കാനുള്ള അധികാരമുണ്ടെന്നും സ്ത്രീകൾക്ക് തുല്യ അവകാശമുള്ള രാജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, രാജ്യത്തെ മാധ്യമശൃംഖലയുടെ വലിപ്പം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം മറുപടി നൽകിയത്. ഡൽഹിയിൽ മാത്രം ഇംഗ്ലീഷിലും ഹിന്ദിയിലുമായി 200-ഓളം ടിവി ചാനലുകളുണ്ട്. പ്രാദേശിക ഭാഷകളിലായി ആയിരക്കണക്കിന് ചാനലുകൾ വേറെയുമുണ്ട്. ഇന്ത്യയുടെ വലിപ്പവും വൈവിധ്യവും മനസ്സിലാക്കാത്തവരാണ് ഇത്തരം സംശയങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. “ഏതെങ്കിലും വിവരദോഷികളായ എൻജിഒകൾ നൽകുന്ന ഒന്നോ രണ്ടോ റിപ്പോർട്ടുകൾ വായിച്ച് ചോദ്യങ്ങളുമായി വരരുത്. ഇന്ത്യ നിയമവാഴ്ചയിൽ വിശ്വസിക്കുന്ന രാജ്യമാണ്. ഞങ്ങൾ എപ്പോഴും നിയമങ്ങൾക്കനുസരിച്ചേ പ്രവർത്തിക്കാറുള്ളൂ,” സിബി ജോർജ് കൂട്ടിച്ചേർത്തു.

 

ഇന്ത്യയിലെ മതസ്വാതന്ത്ര്യം കുറയുന്നു എന്ന നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റന്റെ പ്രസ്താവനയെയും ഇന്ത്യ തള്ളി. ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചും വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *