തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്ന് തെരഞ്ഞെടുക്കപ്പെടും. എൽഡിഎഫിന് വേണ്ടി കുന്നംകുളം എംഎൽഎ എ.സി മൊയ്തീനും ബിജെപിക്ക് വേണ്ടി ചാത്തന്നൂർ എംഎൽഎ ബി.ബി ഗോപകുമാറും മത്സരിക്കും. ഈ മാസം 29നാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം.കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് സ്പീക്കർ സ്ഥാനത്തേക്ക് മൂന്നുപേർ മത്സരിക്കുന്നത്. ഇതുവരെ എൽഡിഎഫും യുഡിഎഫും തമ്മിലായിരുന്നു മത്സരമെങ്കിൽ ഇപ്പോൾ ബിജെപി കൂടി വന്നിട്ടുണ്ട്.102 പേരുടെ പിന്തുണയുമായി വരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ ആയി തെരഞ്ഞെടുക്കപ്പെടും. തെരഞ്ഞെടുപ്പിന് പിന്നാലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ സ്പീക്കർ കസേരയിലേക്ക് അനുഗമിക്കും. എ.സി മൊയ്തീൻ എൽഡിഎഫിൽ നിന്ന് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്. മൂന്ന് എംഎൽഎമാരുമായി വരുന്ന ബിജെപിയും മത്സരംഗത്തിറങ്ങി. ചാത്തന്നൂർ എംഎൽഎ ബി.ബി ഗോപകുമാർ ആണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്നാലെ സഭ ഇന്നത്തേക്ക് പിരിയും. 29നാണ് ഗവർണറുടെ നയപ്രഖ്യാപനപ്രസംഗം. ജൂൺ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ച നടക്കും. നിലവിൽ നിയമസഭാ സെക്രട്ടറിയേറ്റ് ഇറക്കിയ കലണ്ടറിൽ ബജറ്റ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
സ്പീക്കറെ ഇന്ന് തെരഞ്ഞെടുക്കും; ചരിത്രത്തിലാദ്യമായി മത്സരിക്കുന്നത് മൂന്ന് മുന്നണികള്‍

