ന്യൂഡൽഹി: ലഡാക്കിലെ ലേയ്ക്ക് സമീപമുള്ള ടാംഗ്‌സ്റ്റെ മേഖലയിൽ ഇന്ത്യൻ സൈന്യത്തിന്റെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണു. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. മേയ് 20നായിരുന്നു അപകടം.
മേജർ ജനറൽ ഉൾപ്പെടെ 3 ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ മേജർ ജനറൽ അപകടസ്ഥലത്ത് നിന്ന് എടുത്ത സെൽഫി സമൂഹ മാധ്യമങ്ങളിൽ വൈറലായി. സംഭവത്തിന്റെ കാരണം കണ്ടെത്താൻ കരസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 1984-ൽ സിയാച്ചിനിൽ പാക്കിസ്ഥാനുമായുണ്ടായ സൈനിക ഓപ്പറേഷൻ മേഘദൂതിൽ ഈ ഹെലികോപ്റ്റർ ഭാഗമായിരുന്നു.

