തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഗൗരവതരമായ നിരീക്ഷണങ്ങളുമായി കോടതി. നടന്നത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും ആസൂത്രിതമായ കൊലപാതക ശ്രമമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. സി.പി.എം പ്രവർത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.
ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം വെറുമൊരു മർദനമല്ലെന്നും അത് രാജ്യത്തിനെതിരായ കുറ്റകൃത്യമാണെന്നും തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനാപരമായ സംവിധാനങ്ങൾക്കെതിരെയുള്ള ആക്രമണമാണ്. ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള ശ്രമം എന്ന നിലയ്ക്കാണ് ഈ സംഭവത്തെ കാണുന്നതെന്നും മാധ്യമങ്ങളിലൂടെ പ്രതികളുടെ കുറ്റകൃത്യം കണ്ടതാണെന്നും കോടതി വ്യക്തമാക്കി.
ഈ ആക്രമണം പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെ പുറത്ത് നടന്നതല്ല, ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ആസൂത്രിതമായ നീക്കമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ഇഷ്ടിക, കല്ല്, തടികഷ്ണങ്ങൾ, ഇരുമ്പ് ദണ്ഡുകൾ തുടങ്ങിയ മാരകായുധങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചു എന്നത് ഇതിന് തെളിവായി കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥർ റെയ്‌ഡ് കഴിഞ്ഞ് തിരികെ വരികയായിരുന്നു എന്നതിനാൽ അവർ ഡ്യൂട്ടിയിലല്ല എന്ന പ്രതിഭാഗത്തിൻ്റെ വാദം കോടതി തള്ളി. ഒരു ഓഫീസിൽനിന്ന് റെയ്‌ഡിന് ഇറങ്ങുന്നത് മുതൽ തിരികെ ഓഫീസിൽ എത്തുന്നതുവരെ ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവഹണത്തിൽ തന്നെയാണെന്ന് കോടതി വ്യക്തമാക്കി
ആക്രമിക്കപ്പെട്ടത് വാടകയ്ക്കെടുത്ത കാറുകളായതിനാൽ പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഏത് സ്ഥാപനമായാലും ഔദ്യോഗിക ആവശ്യത്തിനായി വാടകയ്ക്കെടുക്കുന്ന വാഹനം ആ സർക്കാരിന്റെ ഭാഗമായും പൊതുമുതലായും പരിഗണിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
പ്രതികൾക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും ഉദ്യോഗസ്ഥരെ ആക്രമിക്കാൻ മറ്റുള്ളവർക്ക് ഇത് പ്രോത്സാഹനമാകുമെന്നും കോടതി പറഞ്ഞു. വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ വാഹനത്തിനുള്ളിൽ ഉള്ളപ്പോഴാണ് അതിക്രൂരമായ ആക്രമണം നടന്നത്. ആക്രമണത്തിൽ ഡ്രൈവറുടെ കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയും ഉദ്യോഗസ്ഥർ വലിയ മാനസിക വിഷമത്തിലൂടെ കടന്നുപോവുകയും ചെയ്‌തുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ കേസിലെ 26 പ്രതികളിൽ ആദ്യം അറസ്റ്റിലായ അഞ്ചു പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്.
പിണറായി വിജയനും മകൾ വീണാ വിജയനും താമസിക്കുന്ന ബേക്കറി ജങ്ഷനിലെ വീട്ടിൽ റെയ്ഡ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഇ.ഡി. ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. സിഎംആർഎൽ-എക്സാലോജിക്ക് പണമിടപാടുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഇ.ഡി. റെയ്‌ഡ്. പരിശോധന കഴിഞ്ഞ് വാഹനങ്ങളിൽ മടങ്ങിയ ഉദ്യോഗസ്ഥരെ പുറത്തുനിന്നിരുന്ന സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് കാറുകളും തകർത്തു.
സിപിഎം പ്രവർത്തകരായ ശ്രീജിത്ത്, ജിതിൻരാജ്, മനോജ്, ജീവൻ, ഷാഹിൻ എന്നിവരാണ് കേസിൽ ആദ്യദിവസം അറസ്റ്റിലായ പ്രതികൾ. ഇവരുൾപ്പെടെ 26 സിപിഎം പ്രവർത്തകർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. മൂന്നുപേർ നിലവിൽ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന 300-ഓളം പേർക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിൽ 200 പേരെയെങ്കിലും അറസ്റ്റ് ചെയ്യാനാണ് പോലീസിന്റെ നീക്കം. ഇതിനായുള്ള പട്ടിക പോലീസ് തയ്യാറാക്കിവരികയാണ്. അതേസമയം, അറസ്റ്റുണ്ടാകുമെന്ന് ഭയന്ന് സമരത്തിനെത്തിയ പല പ്രവർത്തകരും ഒളിവിൽപോയിരിക്കുകയാണ്.

