തിരുവനന്തപുരം:യുഡിഎഫ് ഘടകകക്ഷി മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും ഇന്നു ധാരണയായേക്കും. ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗത്തില്‍ ഘടകകക്ഷി മന്ത്രിമാരെ കൂടാതെ ഇവർക്കു നല്‍കേണ്ട മറ്റു കാബിനറ്റ് പദവികളുടെ കാര്യത്തിലും ഘടകക്ഷികളുടെ അഭിപ്രായം തേടും.
മന്ത്രിമാരെ കൂടാതെ സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ഗവണ്മെന്റ് ചീഫ് വിപ്പ് എന്നീ കാബിനറ്റ് പദവികള്‍ കൂടാതെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ, മുന്നാക്ക-പിന്നാക്ക സമുദായ ക്ഷേമ കമ്മീഷൻ തുടങ്ങിയ കാബിനറ്റ് പദവികളുടെ വീതം വയ്പുമുണ്ടാകും. ഇന്നു വൈകുന്നേരം നാലിന് കന്റോണ്‍മെന്റ് ഹൗസിലാണ് യുഡിഎഫ് നേതൃയോഗം ചേരുക.
മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചെങ്കിലും കോണ്‍ഗ്രസ് മന്ത്രിമാരുടെ കാര്യത്തില്‍ ചർച്ച വരാനിരിക്കുന്നതേയുള്ളൂ. പരിചയസന്പത്തും യുവത്വവും സാമുദായിക സമവാക്യങ്ങളും അടിസ്ഥാനമാക്കിയാകും കോണ്‍ഗ്രസ് മന്ത്രിമാരെ നിശ്ചയിക്കാൻ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആലോചനയിലുള്ളത്. ജില്ലാ പ്രാതിനിധ്യവും ചർച്ചയിലെത്തും.
അന്തിമ പട്ടിക ഹൈക്കമാൻഡ് നിർദേശത്തില്‍
കോണ്‍ഗ്രസ് പാർട്ടിയുടെയും ഹൈക്കമാൻഡിന്റെയും നിർദേശമനുസരിച്ചാകും കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്തിമ പട്ടിക തയാറാക്കുക. മന്ത്രിസഭയിലെത്താൻ തയാറായാല്‍ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ കാര്യവും ഉറപ്പാകും. ഇന്നു ഗുരുവായൂരില്‍ നിന്നു മടങ്ങിയെത്തുന്ന രമേശ് ചെന്നിത്തലയെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ കണ്ടു ചർച്ച നടത്തും.മന്ത്രിസഭയില്‍ എത്താൻ സാധ്യതയുള്ള കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുൻ അധ്യക്ഷൻ കെ. മുരളീധരൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ കാര്യത്തിലും മാറ്റമുണ്ടാകില്ല.
പൂർണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യണമെന്നാണു മുതിർന്ന നേതാക്കളുടെ നിർദേശം. എന്നാല്‍, കോണ്‍ഗ്രസിലെ തർക്കം രൂക്ഷമായാല്‍ തിങ്കളാഴ്ച രാവിലെ 10നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും ഘടകകക്ഷി നേതാക്കളുമാകും സത്യപ്രതിജ്ഞ ചെയ്യാൻ സാധ്യതയുള്ളത്.
പ്രധാന ചർച്ച ലീഗുമായി
മുസ്ലിം ലീഗിന് നാലു മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും നല്‍കാനുള്ള നിർദേശമാകും കോണ്‍ഗ്രസ് മുന്നോട്ടു വയ്ക്കുക. അഞ്ചാം മന്ത്രി സ്ഥാനത്തിന് ലീഗ് ആവശ്യമുന്നയിച്ചാല്‍ ഇക്കാര്യം പിന്നീടു പരിഗണിക്കും. വിദ്യാഭ്യാസവും ആരോഗ്യവും ഉള്‍പ്പെടെയുള്ള ചില വകുപ്പുകള്‍ കോണ്‍ഗ്രസും ലീഗും വച്ചുമാറുന്നതും ചർച്ചയിലെത്തും.
കേരള കോണ്‍ഗ്രസിന് പ്രധാനപ്പെട്ട വകുപ്പു കൂടാതെ പാർട്ടി ചെയർമാൻ പി.ജെ. ജോസഫിന് കാബിനറ്റ് പദവിയിലുള്ള സുപ്രധാന സ്ഥാനം നല്‍കുന്നതും പരിഗണനയിലുണ്ട്. ആർഎസ്പിയുടെ ഷിബു ബേബി ജോണ്‍ തൊഴില്‍ വകുപ്പിനു പകരം മത്സ്യബന്ധനം ഉള്‍പ്പെടെയുള്ള വകുപ്പുകളാകും ഇത്തവണ ആവശ്യപ്പെടുകയെന്നാണു വിവരം.
കേരള കോണ്‍ഗ്രസ്- ജേക്കബ് വിഭാഗത്തിലെ അനൂപ് ജേക്കബ്, യുഡിഎഫ് സെക്രട്ടറി കൂടിയായ സിഎംപിയുടെ സി.പി. ജോണ്‍, കേരള ഡെമോക്രാറ്റിക് പാർട്ടി നേതാവ് മാണി സി. കാപ്പൻ തുടങ്ങിയവരും മന്ത്രിസഭയില്‍ എത്തിയേക്കും. അസോസിയേറ്റ് ഘടകകക്ഷിയായ ആർഎംപിയുടെ കെ.കെ. രമയും മൂന്നു യുഡിഎഫ് സ്വതന്ത്രന്മാരുമുണ്ട്.

