വിഴിഞ്ഞം:ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി ബോധംകെടുത്തി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിലായി. വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനുവിനെയാണ് മണ്ണന്തല പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി ഇയാളുടെ വീട്ടിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാം വഴിയാണ് പെൺകുട്ടിയും പ്രതിയും തമ്മിൽ പരിചയത്തിലാകുന്നത്. ഒരു ബന്ധുവിന്റെ വീട്ടിൽ വെച്ചാണ് ഇവർ ആദ്യം നേരിട്ട് കാണുന്നത്, തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ അടുക്കുകയായിരുന്നു. 18-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്ത് മനുവും മറ്റൊരാളും കൂടി അവിടെ എത്തുകയായിരുന്നു. തുടർന്ന് മനു പെൺകുട്ടിക്ക് മയക്കുമരുന്ന് കലർത്തിയ ജ്യൂസ് കുടിക്കാൻ നൽകി. ജ്യൂസ് കുടിച്ച് ബോധം നഷ്ടപ്പെട്ട പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.
ബോധം തിരികെ വന്നപ്പോഴാണ് താൻ പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി മനസ്സിലാക്കുന്നത്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ പിന്നീട് ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടി ഉപയോഗിച്ചിരുന്ന അമ്മയുടെ മൊബൈൽ ഫോണിലേക്കാണ് മനു ഈ ദൃശ്യങ്ങൾ അയച്ചു നൽകിയത്. സംഭവത്തിന് ശേഷം പെൺകുട്ടി തന്നെയാണ് ശിശുക്ഷേമ സമിതിയെ (സി.ഡബ്ല്യു.സി) വിവരം അറിയിച്ചത്. തുടർന്ന് സി.ഡബ്ല്യു.സി അംഗങ്ങൾ പെൺകുട്ടിയുടെ മാതാപിതാക്കളെ വിവരങ്ങൾ ധരിപ്പിക്കുകയും, കേസ് അന്വേഷണം മണ്ണന്തല പോലീസിന് കൈമാറുകയും ചെയ്തു. സംഭവദിവസം മനുവിനൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നുവെന്നാണ് പെൺകുട്ടി പോലീസിന് നൽകിയ മൊഴി. എന്നാൽ താൻ ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് മനു പോലീസിനോട് പറഞ്ഞിരിക്കുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മനുവിനൊപ്പം ഉണ്ടായിരുന്ന രണ്ടാമത്തെ ആൾക്കായി പോലീസ് ഇപ്പോൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

