കരിപ്പൂരിൽ എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച 10 സ്വർണ്ണ ബിസ്‌ക്കറ്റുക പിടികൂടി

മലപ്പുറം :കരിപ്പൂരിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് പോലീസിന്റെ വൻ സ്വർണ്ണവേട്ട. എമർജൻസി ലാമ്പിന്റെ ഉള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 10 സ്വർണ്ണ ബിസ്ക്കറ്റുകളുമായി കിഴിശ്ശേരി കുഴിമണ്ണ സ്വദേശിയായ പ്രവാസി യാത്രക്കാരനെ പോലീസ് സംഘം കാത്തുനിന്ന് പിടികൂടി.

 

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് (സ്പെഷ്യൽ സ്ക്വാഡ്) വിമാനത്താവള ടെർമിനലിന് പുറത്തുവെച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിലെടുത്തത്.

 

ദുബായിൽ നിന്നുള്ള വിമാനത്തിലാണ് പ്രതി കരിപ്പൂരിൽ ഇറങ്ങിയത്. വിമാനത്താവളത്തിനുള്ളിലെ കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കി യാതൊരുവിധ സംശയങ്ങളും തോന്നിക്കാത്ത രീതിയിലാണ് ഇയാൾ പുറത്തേക്കിറങ്ങിയത്.

 

എന്നാൽ എയർപോർട്ട് പരിസരത്ത് നിരീക്ഷണം ശക്തമാക്കിയിരുന്ന ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും പ്രാദേശിക പോലീസും ചേർന്ന് ഇയാളെ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് ഇയാളുടെ ലഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് കൈവശമുണ്ടായിരുന്ന എമർജൻസി ലൈറ്റിന്റെ ബാറ്ററി ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ അറയിൽ സ്വർണ്ണ ബിസ്‌ക്കറ്റുകൾ കണ്ടെടുത്തത്.

 

പിടിച്ചെടുത്ത സ്വർണ്ണത്തിന് ആഭ്യന്തര വിപണിയിൽ ലക്ഷക്കണക്കിന് രൂപ വിലമതിക്കും. പ്രതിക്ക് പിന്നിൽ പ്രവർത്തിച്ച സ്വർണ്ണക്കടത്ത് മാഫിയയെയും ഇത് കൈപ്പറ്റാൻ വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന ഏജന്റുമാരെയും കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *