മലപ്പുറം:വീടിന്റെ ടെറസിന് മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ കാൽവഴുതി താഴെയുള്ള ഇരുമ്പ് ഗേറ്റിലേക്ക് വീണ് കഴുത്തിൽ കമ്പി തുളച്ചുകയറി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥി മരണത്തിന് കീഴടങ്ങി. കൊണ്ടോട്ടി പുളിക്കൽ സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (15) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്.
കഴിഞ്ഞ മെയ് 31-നായിരുന്നു നാടിനെ നടുക്കിയ ഈ ദാരുണമായ അപകടം സംഭവിച്ചത്. ടെറസിന് മുകളിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ മാസിൻ അബദ്ധത്തിൽ കാൽവഴുതി വീടിന്റെ മുൻവശത്തെ ഇരുമ്പ് ഗേറ്റിന് മുകളിലേക്ക് കൃത്യമായി പതിക്കുകയായിരുന്നു.വീഴ്ചയുടെ ആഘാതത്തിൽ ഗേറ്റിന്റെ മൂർച്ചയേറിയ കമ്പി കുട്ടിയുടെ കഴുത്തിൽ ആഴത്തിൽ തുളച്ചുകയറി. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തന്നെ ഗേറ്റിന്റെ ഒരു ഭാഗം വശങ്ങളിൽ നിന്നും മുറിച്ചെടുത്ത് കമ്പി കഴുത്തിൽ തറച്ച നിലയിൽ തന്നെയാണ് കുട്ടിയെ ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
അടിയന്തര സർജറിക്ക് വിധേയമാക്കുന്നതിന് മുൻപ്, ഡോക്ടർമാരുടെ പ്രത്യേക നിർദ്ദേശപ്രകാരം വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനിലെ അഗ്‌നിരക്ഷാ സേനാംഗങ്ങൾ ആശുപത്രിയിലെത്തി അതീവ ജാഗ്രതയോടെ മെഷീൻ ഉപയോഗിച്ച് കഴുത്തിന് പുറത്തുണ്ടായിരുന്ന കമ്പിയുടെ ഭൂരിഭാഗവും മുറിച്ചുമാറ്റി. തുടർന്ന് മണിക്കൂറുകൾ നീണ്ട സങ്കീർണ്ണമായ സർജറിക്ക് കുട്ടിയെ വിധേയനാക്കിയെങ്കിലും കടുത്ത ആന്തരിക പരുക്കുകൾ കാരണം നില അതീവ ഗുരുതരമായി തുടരുകയായിരുന്നു.ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന മാസിൻ ഒടുവിൽ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പുളിക്കൽ എ.എം.എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അന്തരിച്ച മുഹമ്മദ് മാസിൻ. പഠനത്തിലും മറ്റ് കലാ-കായിക രംഗങ്ങളിലും മിടുക്കനായിരുന്നു

