പൊഴുതനയിൽ പുള്ളിപുലി  അഞ്ച് ആടുകളെ കടിച്ചുകൊന്നു

വൈത്തിരി: വയനാട് പൊഴുതനയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപുലി അഞ്ച് ആടുകളെ കടിച്ചുകൊന്നു . ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു  സംഭവം. പൊഴുതന ആനോത്ത് ആണിവയൽ സ്വദേശി സെയ്താലിയുടെ ആടുകളെയാണ് പുലി കൂട്ടത്തോടെ ആക്രമിച്ചു കൊലപ്പെടുത്തിയത്. വീടിനോട് ചേർന്നുള്ള ആട്ടിൻകൂട്ടിൽ കെട്ടിയിട്ടിരുന്ന ആടുകൾക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം.

 

പുലർച്ചെ കൂട്ടിൽ നിന്നും ആടുകളുടെ കരച്ചിലും ബഹളവും കേട്ടാണ് വീട്ടുകാർ ഉണർന്നത്. വീട്ടുകാർ ലൈറ്റുകളിട്ട് ബഹളം വെച്ചുകൊണ്ട് പുറത്തിറങ്ങിയപ്പോഴേക്കും പുലി ഇരുളിലേക്ക് ഓടിമറഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് ആടുകളും കഴുത്തിന് കടിയേറ്റ് ചത്ത നിലയിൽ കണ്ടെത്തിയത്. സെയ്താലിയുടെ കുടുംബത്തിന്റെ പ്രധാന വരുമാന മാർഗ്ഗമാണ് പുലിയുടെ ആക്രമണത്തിൽ ഇല്ലാതായത്.

 

സംഭവമറിഞ്ഞ് സൗത്ത് വയനാട് വനം ഡിവിഷൻ പരിധിയിൽ നിന്നുള്ള വനപാലകർ സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. സ്ഥലത്ത് പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ജനവാസ മേഖലയിൽ പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയ സംഭവം പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പുലി വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ വനംവകുപ്പ് അടിയന്തരമായി സ്ഥലത്ത് നിരീക്ഷണ ക്യാമറകളും പുലിയെ പിടികൂടാൻ കൂടും സ്ഥാപിക്കണമെന്ന് നാട്ടുകാർ  ആവശ്യപ്പെട്ടു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *