കൽപ്പറ്റ: വയനാട് ജില്ലയിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കും. സ്വകാര്യ ബസ് മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കണമെന്നും ഈ മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് മേഖല തകർച്ചയുടെ വക്കിലാണെന്ന് ബസ് ഉടമകൾ ആരോപിക്കുന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വലിയ കുറവ് നിത്യേനയുള്ള കളക്ഷനെ ബാധിച്ചതായും സർവീസ് മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
നാളത്തെ സമരത്തിലൂടെ തങ്ങളുടെ പ്രതിഷേധം സർക്കാരിനെ അറിയിക്കാനാണ് സംഘടനകളുടെ തീരുമാനം. ഈ വിഷയത്തിൽ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ജൂലൈ 1 മുതൽ ജില്ലയിലെ മുഴുവൻ സ്വകാര്യ ബസ് സർവീസുകളും അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കുമെന്നും ബസ് ഉടമകൾ മുന്നറിയിപ്പ് നൽകി.

