തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് എന്നീ മൂന്ന് വടക്കൻ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നുമില്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.കാറ്റിന്റെ വേഗത വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരദേശങ്ങളിലും ഉള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ കൂടി സംസ്ഥാനം. കനത്ത മഴ തുടരുമെന്നാണ് പ്രവചനം. നാളെയോടെ മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കും
നാളെ (വെള്ളിയാഴ്ച്ച) കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ 7 ജില്ലകളിലാണ് ശക്തമായ മഴ സാധ്യത കണക്കിലെടുത്ത് യെല്ലോ അലേർട്ട് ഏർപ്പെടുത്തിയിരിക്കുന്നത്. ബാക്കി ഏഴ് ജില്ലകളിൽ നിലവിൽ മുന്നറിയിപ്പുകളില്ല. കനത്ത കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു. മഴ കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
.

