തിരുവനന്തപുരം: കേരള ലോട്ടറിയുടെ പേരും ചിഹ്നവും ലോഗോയും ഔദ്യോഗിക വെബ്‌സൈറ്റിനോട് സാമ്യമുള്ള രൂപകല്‍പ്പനയും ദുരുപയോഗം ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുകള്‍ നടക്കുന്നതായി പോലീസ് മുന്നറിയിപ്പ് നല്‍കി. ‘മെഗാ ബമ്പര്‍ ധമാക്കാ ഓഫര്‍’, ’25 കോടി സമ്മാനം’, ‘കേരള ഭാഗ്യക്കുറി ഓണ്‍ലൈന്‍ ബുക്കിങ്’ തുടങ്ങിയ പ്രലോഭനകരമായ പരസ്യ വാചകങ്ങള്‍ നല്‍കിയാണ് പൊതുജനങ്ങളെ ആകര്‍ഷിക്കുന്നത്. പരസ്യത്തിലുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലേക്കോ സര്‍ക്കാര്‍ ചിഹ്നവും ലോഗോയും ഉപയോഗിച്ചുണ്ടാക്കിയ കേരള സംസ്ഥാന ലോട്ടറിയുടെ പേരിലുള്ള വ്യാജ വെബ്‌സൈറ്റുകളിലേക്കോ എത്തിക്കുന്നു. തുടര്‍ന്ന് വിജയസാധ്യതയുള്ളതായി അവകാശപ്പെടുന്ന ചില ലോട്ടറി നമ്പറുകള്‍ പ്രസിദ്ധീകരിച്ച് വിശ്വാസം നേടി എടുക്കുന്നു. പിന്നീട് ‘റിസള്‍ട്ട് പരിശോധിക്കുക’ എന്ന പേരില്‍ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെടുകയും നമ്പര്‍ നല്‍കി കഴിയുമ്പോള്‍ ഉപയോക്താവിനു സമ്മാനം ലഭിച്ചതായി കാണിച്ച് അഭിനന്ദന സന്ദേശം അയക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് സമ്മാനത്തുക ലഭിക്കുന്നതിനായി പേര്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഫ്എസ്‌സി കോഡ്, ആധാര്‍ നമ്പര്‍ തുടങ്ങിയ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ലെറ്റര്‍ ഹെഡും ചിഹ്നവും ഉപയോഗിച്ച് തയാറാക്കിയ വ്യാജ ലോട്ടറി രജിസ്‌ട്രേഷന്‍ ലെറ്റര്‍ കാണിച്ച് ‘രജിസ്‌ട്രേഷന്‍ ഫീ’, ‘പ്രോസസിങ് ഫീ’, ‘ജിഎസ്ടി’, ‘ടാക്‌സ് ക്ലിയറന്‍സ്’, ‘സെക്യൂരിറ്റി ഡെപ്പോസിറ്റ്’ തുടങ്ങിയ പേരുകളില്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നു. പണം അയച്ചിട്ടും സമ്മാനത്തുക നല്‍കാതെ കൂടുതല്‍ തുക ആവശ്യപ്പെടുന്നവരുമുണ്ട്.
കേരളത്തില്‍ ഓണ്‍ലൈന്‍ വഴി കേരള ലോട്ടറി ടിക്കറ്റുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും പൂര്‍ണമായും നിരോധിച്ചിട്ടുള്ളതാണ്. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ടെലഗ്രാം തുടങ്ങിയ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ലഭിക്കുന്ന ലോട്ടറി പരസ്യങ്ങളും ലിങ്കുകളും വിശ്വസിക്കരുത്. കേരള സംസ്ഥാന ലോട്ടറിയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയോ പണം അടയ്‌ക്കുകയോ ചെയ്യരുത്. സമ്മാനം ലഭിച്ചു എന്ന പേരില്‍ രജിസ്‌ട്രേഷന്‍ ഫീ, പ്രോസസിംങ് ഫീ, ജി എസ് ടി, ടാക്‌സ് , സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവക്കായി പണം ആവശ്യപ്പെട്ടാല്‍ അത് തട്ടിപ്പാണെന്ന് മനസിലാക്കുക. ബാങ്ക് അക്കൗണ്ട് നമ്പര്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒടിപി, യുപിഐ പിന്‍ , ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കരുത്.

