മിയാമി: ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങുന്ന അർജന്‍റീന നോക്കൗട്ട് പോരാട്ടത്തിൽ നാളെ പുലർച്ചെ കളത്തിലിറങ്ങുന്നു. ഫുട്ബോൾ ലോകത്തെ പുതിയ ‘അത്ഭുത ദ്വീപ്’ എന്ന് വിശേഷിപ്പിക്കാവുന്ന കാബോ വെർദെയാണ് ലിയോണൽ മെസിയുടെയും സംഘത്തിന്‍റെയും എതിരാളികൾ. മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നാളെ (ശനിയാഴ്ച) പുലർച്ചെ ഇന്ത്യൻ സമയം 3.30-നാണ് ഈ അര്‍ജന്‍റീന-കാബോ വെര്‍ദെ പോരാട്ടം.
ലോകകപ്പ് വേദിയിലെ അരങ്ങേറ്റക്കാരായി എത്തി, ഫുട്ബോൾ ലോകത്തെ വമ്പന്മാരെയെല്ലാം നിഷ്പ്രഭരാക്കിയ ചരിത്രവുമായാണ് കാബോ വെർദെ നോക്കൗട്ട് ഘട്ടത്തിലേക്ക് മാർച്ച് ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തിൽ മുൻ ലോകകപ്പ് ജേതാക്കളായ യുറഗ്വായെ ടൂർണമെന്‍റിൽ നിന്ന് പുറത്താക്കാനും, കരുത്തരായ സ്പെയിനിനെ ഗോളടിപ്പിക്കാതെ സമനിലയിൽ (0-0) തളയ്ക്കാനും ഈ ആഫ്രിക്കൻ രാജ്യത്തിന് കഴിഞ്ഞു. ഗ്രൂപ്പ് എച്ചിൽ നിന്നും തോൽവി അറിയാതെയാണ് അവർ വരുന്നത്.
വിശ്വവേദിയിലേക്കുള്ള തങ്ങളുടെ ഈ ഒന്നൊന്നര വരവ് വെറുതെയല്ലെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് അവരുടെ ലക്ഷ്യം. അർജന്‍റീന പോലുള്ള ഒരു ലോകോന്തര ടീമിനെതിരെ പന്തുതട്ടുക എന്ന ആഗ്രഹത്തിൽ നിന്ന് അവരെ തോൽപ്പിച്ച് മുന്നേറുക എന്ന വലിയ സ്വപ്നത്തിലേക്ക് തങ്ങളുടെ മനസ്സിനെ പരുവപ്പെടുത്തിക്കഴിഞ്ഞു കാബോ വെർദെയുടെ താരങ്ങൾ.

