സുൽത്താൻ ബത്തേരി -: സുൽത്താൻ ബത്തേരി പഴേരിയിൽ ക്ഷീരകർഷകനെ കാട്ടാന ആക്രമിച്ച സംഭവത്തെത്തുടർന്ന്, ആനയെ വനത്തിനുള്ളിലേക്ക് തുരത്താനുള്ള നടപടികൾ വനംവകുപ്പ് ഊർജ്ജിതമാക്കി. ഇതിനായി മുത്തങ്ങ ആനപന്തിയിൽ നിന്നും ‘പ്രമുഖ’, ‘ഭരത്’ എന്നീ കുങ്കി ആനകളെ പഴേരിയിൽ എത്തിച്ചു.
കുറിച്യാട് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലാണ് പച്ചാടി, പഴേരി, വീട്ടിക്കുറ്റി വനമേഖലകളിൽ തിരച്ചിൽ പുരോഗമിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ടോടെ സ്ഥലത്തെത്തിച്ച കുങ്കികളെ ഉപയോഗിച്ച് ഇന്ന് രാവിലെ മുതലാണ് കാട്ടാനയെ കണ്ടെത്താനുള്ള ദൗത്യം ആരംഭിച്ചത്. ജനവാസ മേഖലയിലിറങ്ങിയ കൊമ്പനെ വനത്തിനുള്ളിലേക്ക് തുരത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണ് വനംവകുപ്പിന്റെ ലക്ഷ്യം.
കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പാൽ അളക്കുന്നതിനായി പോകുന്നതിനിടെയാണ് വീട്ടിക്കുറ്റി ഉന്നതിയിലെ ശശിയെ കാട്ടാന ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇദ്ദേഹം നിലവിൽ ചികിത്സയിലാണ്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതോടെ നാട്ടുകാർ വലിയ ഭീതിയിലായിരുന്നു. ഇതിനെത്തുടർന്നാണ് കുങ്കികളെ ഇറക്കിയുള്ള അടിയന്തര തുരത്തൽ നടപടികൾക്ക് വനംവകുപ്പ് തുടക്കം കുറിച്ചത്.
