വയനാട്: കെ.എസ്.ആർ.ടി.സിയിലെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർദ്ധിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ടി സിദ്ദിഖ്. വിഷയം അടിയന്തരമായി പരിശോധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വയനാട്ടിൽ വിദ്യാർത്ഥികളുടെ കൺസെഷൻ ചാർജ് വർദ്ധിപ്പിക്കാൻ ബസ് ഉടമകൾ നിർബന്ധിതരായത് ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലാണ്. ഈ സാമ്പത്തിക പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണാൻ ഒരു പ്രത്യേക പഠന കമ്മീഷനെ തന്നെ സർക്കാർ നിയമിക്കാൻ പോകുകയാണെന്നും മന്ത്രി പ്രതികരിച്ചു.
