മേപ്പാടി കള്ളാടി ദുരന്തം: അഞ്ച് പേർക്കായി തെരച്ചിൽ ഊർജ്ജിതം; കനത്ത മഴയും പ്രതികൂല കാലാവസ്ഥയും; മുഖ്യമന്ത്രിയുടെ സന്ദർശനം ഉച്ചയോടെ

മേപ്പാടി: കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായ അഞ്ച് ജീവനക്കാർക്കായുള്ള തെരച്ചിൽ രണ്ടാം ദിവസവും യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു. ദുരന്തഭൂമിയിൽ കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. മണ്ണിൽ പൂണ്ടുപോയവരെ കണ്ടെത്താനായി പ്രത്യേക പരിശീലനം ലഭിച്ച കെടാവർ (മൃതദേഹങ്ങൾ കണ്ടെത്തുന്ന) നായ്ക്കളെ ഇന്ന് പ്രദേശത്ത് എത്തിക്കും.

മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയോടെ ദുരന്തബാധിത പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും.മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കും. അതേസമയം, വിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഏഴുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നിലവിൽ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിനേയും കാര്യമായി ബാധിക്കുന്നുണ്ട്.

 

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് കള്ളാടയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. തുരങ്ക പാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്നു പേർ മരിച്ചു. അതിഥി തൊഴിലാളികളായ മൂന്ന് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. അവശേഷിക്കുന്നവർക്കായുള്ള തെരച്ചിലാണ് തുടരുന്നത്.

 

സമീപ പ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ചുളിക്ക സർക്കാർ എൽപി സ്കൂളിലെ ദുരിതീശ്വാസ ക്യാമ്പിലേക്ക് മാറ്റി. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക പാതയിലാണ് അപകടമുണ്ടായത്. ഇതോടെ ചൂരൽമല- അട്ടമല പ്രദേശങ്ങൾ ഒറ്റപ്പെട്ടു. വിനോദസഞ്ചാരികളോ മറ്റാരെങ്കിലുമോ മണ്ണിനടയിൽ കുടുങ്ങി കിടപ്പുണ്ടോ എന്ന സംശയം ഇപ്പോഴും ബാക്കിയാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *