ദക്ഷിണാഫ്രിക്കൻ ഫുട്ബോള്‍ പ്ലെയേഴ്സ് യൂണിയൻ ആണ് മരണവിവരം അറിയിച്ചിരിക്കുന്നത്. ശനിയാഴ്ച പുലർച്ചെ കേപ് ടൗണിലെ പ്രാന്തപ്രദേശമായ ഷോഷെ ക്ലൂഫിലെ ഒരു വീട്ടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മരണവാർത്ത അദ്ദേഹത്തിന്റെ മെന്ററും കുടുംബവും സ്ഥിരീകരിച്ചിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്ക് മുൻപ് ഫിഫ ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക കളിച്ച മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളിലും ആഡംസ് പങ്കാളിയായിരുന്നു. ടൂർണമെന്റിലെ മെക്സിക്കോ, ചെക്കിയ എന്നിവർക്കെതിരെയുള്ള ആദ്യ രണ്ട് മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയ അദ്ദേഹം, തെക്കൻ കൊറിയക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് കളത്തിലിറങ്ങിയത്.
2010-ന് ശേഷം ആദ്യമായി യോഗ്യത നേടി ഫിഫ ലോകകപ്പ് 2026-ലേക്ക് എത്തിയ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഘട്ടം കടന്ന് റൗണ്ട് ഓഫ് 32 വരെ എത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ആതിഥേയരായ മെക്സിക്കോ, ചെക്ക് റിപ്പബ്ലിക്, ദക്ഷിണ കൊറിയ എന്നിവരടങ്ങുന്ന ഗ്രൂപ്പ് A-യിലാണ് ദക്ഷിണാഫ്രിക്ക ഉണ്ടായിരുന്നത്. അവിടെ നിന്ന് ഒരു തോല്‍വിയും ഒരു സമനിലയും ഒരു വിജയവുമായി 4 പോയിന്റ് നേടി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായിട്ടായിരുന്നു റൗണ്ട് ഓഫ് 32 യോഗ്യത നേടിയത്.
മുത്തശി മരിച്ചിട്ടും ലോകകപ്പ് കളിച്ചു
ഫിഫ ലോകകപ്പ് 2026ലെ സൗത്ത് ആഫ്രിക്കയുടെ യാത്രയില്‍ സ്വകാര്യ ദുഖത്തെ ഉള്ളിലൊതുക്കിയാണ് അദ്ദേഹം ടീമിനൊപ്പം നിന്നത്. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിനിടയില്‍ (ജൂണ്‍ 17-ന്) സ്വന്തം മുത്തശ്ശി മരിച്ചു എന്ന ദുഃഖ വാർത്ത ജെയ്ഡൻ ആഡംസിനെ തേടി എത്തുകയായിരുന്നു. എന്നാല്‍ ആ ദുഃഖം ഉള്ളിലൊതുക്കിയാണ് തൊട്ടടുത്ത ദിവസം ചെക്കിയക്കെതിരായ നിർണായക മത്സരത്തില്‍ രാജ്യത്തിനായി അദ്ദേഹം കളിക്കാൻ ഇറങ്ങിയത്.
നിർണായകമായ റൗണ്ട് ഓഫ് 32 മത്സരത്തില്‍ കാനഡയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റ് ദക്ഷിണാഫ്രിക്ക ടൂർണമെന്റില്‍ നിന്ന് പുറത്തായി. അതോടെ ജെയ്ഡൻ ആഡംസിന്റെ ലോകകപ്പ് യാത്രയും അവസാനിച്ചു. എങ്കിലും വലിയ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് വേദിയിലേക്ക് തിരിച്ചെത്താനും ഗ്രൂപ്പ് ഘട്ടം കടന്ന് റൗണ്ട് ഓഫ് 32 വരെ എത്താൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞതും വലിയ നേട്ടമായാണ് വിലയിരുത്തപ്പെട്ടത്.
ദക്ഷിണാഫ്രിക്കൻ ടീമിന് പുറമേ ദക്ഷിണാഫ്രിക്കയിലെ പ്രമുഖ ക്ലബ്ബായ മാമെലോഡി സണ്‍ഡൗണ്‍സിന്റെ മിഡ്‌ഫീല്‍ഡറായും അദ്ദേഹം കളിച്ചിരുന്നു. സ്റ്റെല്ലൻബോഷ് എഫ്‌സിയിലൂടെയാണ് പ്രൊഫഷണല്‍ കരിയർ ആരംഭിച്ചത്. 2022-ലായിരുന്നു ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിനായുള്ള അരങ്ങേറ്റം. രാജ്യത്തിനായി 9 മത്സരങ്ങളില്‍ നിന്ന് 1 ഗോളും ജെയ്ഡൻ ആഡംസ് നേടിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കൻ ഫുട്ബോളിലെ ഏറ്റവും തിളക്കമാർന്ന യുവപ്രതിഭകളില്‍ ഒരാളെയാണ് നഷ്ടമായതെന്നും കായിക ലോകത്തിന് ഇത് നികത്താനാകാത്ത നഷ്ടമാണെന്നും ദക്ഷിണാഫ്രിക്കൻ കായിക മന്ത്രാലയവും ഫുട്ബോള്‍ പ്ലേയേഴ്സ് യൂണിയനും (SAFPU) അനുശോചന സന്ദേശത്തില്‍ അറിയിച്ചു. അതേസമയം ജെയ്ഡൻ ആഡംസിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്,” വെസ്റ്റേണ്‍ കേപ് പോലീസ് വക്താവ് എഫ്‌സി വാൻ വൈക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.
