മലപ്പുറം:തിരൂരിൽ 15 വയസ്സുകാരനെ കെണിയിൽ വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി ലഹരി മാഫിയയുടെ വലയിലേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ദമ്പതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട്ടുകാരിയായ സത്യഭാമ എന്ന സ്ത്രീ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും, ഭർത്താവ് സാദിഖ് ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തുടർന്ന് കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ ഇവർ, ലഹരിമരുന്ന് നൽകാനും തങ്ങൾ നിർദേശിക്കുന്നവർക്ക് ലഹരി എത്തിച്ചു നൽകാനും കുട്ടിയെ നിർബന്ധിച്ചതായും പരാതിയുണ്ട്. ഇതിന് പുറമെ, ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണവും ആവശ്യപ്പെട്ടതായി പോലീസ് പറയുന്നു.
വീട്ടിൽ നിന്ന് പണം നഷ്ടപ്പെടുന്നതും മകന്റെ പെരുമാറ്റത്തിൽ അസ്വാഭാവിക മാറ്റങ്ങൾ കാണുന്നതും ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ സ്നേഹപൂർവം കാര്യങ്ങൾ ചോദിച്ചപ്പോഴാണ് കുട്ടി നടന്ന സംഭവങ്ങൾ തുറന്നുപറഞ്ഞത്. തുടർന്ന് അവർ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സത്യഭാമയെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള ഭർത്താവ് സാദിഖിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.
