ഭാര്യയുടെ മരണവാർത്ത അറിഞ്ഞ് ദോഹയിൽ നിന്ന് മടങ്ങി; യുവാവ് ബെംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ

എടത്വ (ആലപ്പുഴ): ഗർഭിണിയായ ഭാര്യ ആത്മഹത്യ ചെയ്തെന്ന വിവരം അറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത്. സനുക്കുട്ടന്റെ ഭാര്യ ഹരീഷ്മ (27)യെ രണ്ടുദിവസം മുൻപാണ് മാവേലിക്കരയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

 

വിവാഹം കഴിഞ്ഞ് നാല് മാസം മാത്രമായിരുന്ന ദമ്പതികൾ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുകയായിരുന്നു. ഹരീഷ്മ മൂന്ന് മാസം ഗർഭിണിയായിരുന്നു. ജോലിക്കായി ഒരു മാസം മുൻപാണ് സനുക്കുട്ടൻ ദോഹയിലേക്ക് പോയത്. ഭാര്യയുടെ മരണവിവരം ലഭിച്ചതോടെ ഉടൻ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ച അദ്ദേഹം ബെംഗളൂരു വഴി കണക്ഷൻ വിമാനത്തിൽ യാത്ര തിരിച്ചു. ബെംഗളൂരുവിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹവുമായി ബന്ധപ്പെടാനായില്ല.

 

നെടുമ്പാശേരി വിമാനത്താവളത്തിൽ ബന്ധുക്കൾ കാത്തിരുന്നെങ്കിലും സനുക്കുട്ടൻ എത്തിച്ചേർന്നില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം അവിടെ ഇറങ്ങിയതായി സ്ഥിരീകരിച്ചു. എന്നാൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനാൽ ബന്ധപ്പെടാൻ സാധിച്ചില്ല.

 

ഇതോടെ ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും സഹായം തേടി. അന്വേഷണത്തിനിടെ നഗരത്തിലെ ഒരു ലോഡ്ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം സനുക്കുട്ടന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഹരീഷ്മയുടെ സംസ്കാരം ഇതിനകം മാവേലിക്കരയിൽ നടത്തി. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം തുടരുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *