മുത്തങ്ങ : മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന 84.5 ലക്ഷം രൂപ പോലീസ് പിടികൂടി. ബെംഗളൂരുവിൽ നിന്നും പേപ്പർ റോളുകളുമായി വരികയായിരുന്ന ലോറിയിൽ നിന്നാണ് പണം കണ്ടെടുത്തത്. സംഭവത്തിൽ കോഴിക്കോട് പുതുപ്പാടി സ്വദേശികളായ തെക്കുംപാടം വീട്ടിൽ റഹ്‌മാൻ (36), വള്ളിക്കെട്ടുമ്മൽ വീട്ടിൽ റെമീഷ് (33) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ലോറിയുടെ ക്യാബിനുള്ളിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം ഒളിപ്പിച്ചിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ കർശന പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഇത്രയും വലിയ തുക രേഖകളില്ലാതെ കടത്തിയത് എന്തിനാണെന്നും ഇതിന് പിന്നിൽ കുഴൽപ്പണ സംഘങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.
പിടിയിലായവരെയും പണവും വാഹനവും തുടർ നടപടികൾക്കായി സുൽത്താൻ ബത്തേരി പോലീസിന് കൈമാറി. അതിർത്തി ചെക്ക് പോസ്റ്റുകളിൽ ലഹരിമരുന്നും അനധികൃത പണവും കണ്ടെത്താനായി പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
