കൊച്ചി: സംവിധായകനും രാഷ്ട്രീയ പ്രവർത്തകനുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ യാതൊരുവിധ പ്രവർത്തന സ്വാതന്ത്ര്യവുമില്ലെന്നും ഇനി മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയാണ് അദ്ദേഹത്തിന്റെ രാജി. പാർട്ടി അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അഖിൽ മാരാർ പടിയിറങ്ങിയിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് ശേഷം സാബു എം. ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കാൻ തയാറാകുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. കൊട്ടാരക്കര സീറ്റ് ഉറപ്പുനൽകിയാണ് തന്നെ ട്വൻ്റി 20 പാർട്ടിയിലേക്ക് എത്തിച്ചതെന്നും, എന്നാൽ പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും അഖിൽ മാരാർ കുറ്റപ്പെടുത്തി. സാബു ജേക്കബിന്റെ സ്വന്തം താല്‌പര്യങ്ങൾക്കും വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി മാത്രമുള്ള ഒരു പാർട്ടിയാണ് ട്വൻ്റി 20 എന്നും അദ്ദേഹം രൂക്ഷമായ ഭാഷയിൽ വിമർശിച്ചു.
