പൊൻകുഴി ക്ഷേത്രം കർക്കിടക വാവ് ബലി: അവലോകന യോഗം ചേർന്നു

സുൽത്താൻ ബത്തേരി: പൊൻകുഴി ക്ഷേത്രത്തിലെ കർക്കിടക വാവ് ബലിതർപ്പണം സുഗമവും സുരക്ഷിതവുമായി നടത്താനുള്ള ഒരുക്കങ്ങൾ എം.എൽ.എ ഐ.സി ബാലകൃഷ്ണൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വിലയിരുത്തി. വാവ് ബലിയിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്നതിനാൽ ഗതാഗതം, ശുചിത്വം, കുടിവെള്ള വിതരണം, പാർക്കിംഗ്, ആരോഗ്യ സേവനങ്ങൾ, തിരക്ക് നിയന്ത്രണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സമയബന്ധിതമായി ഒരുക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് യോഗത്തിൽ എം.എൽ.എ നിർദേശം നൽകി.ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് കർണ്ണാടക സർക്കാരുമായി സഹകരിച്ച് കർണ്ണാടക ചെക്പോസ്റ്റിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഭക്തജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിന് കെ.എസ്.ആർ.ടി.സിയുടെ അധിക സർവീസുകൾ ഉറപ്പാക്കും. വാവ് ദിനത്തിൽ സ്വകാര്യ ബസുകൾ പുലർച്ചെ മുതൽ പ്രത്യേക സർവീസുകൾ നടത്തുമെന്ന് യോഗത്തിൽ അറിയിച്ചു.

 

ക്ഷേത്ര പരിസരത്തും അനുബന്ധ പ്രദേശങ്ങളിലും ഹരിതചട്ടങ്ങൾ കർശനമായി നടപ്പാക്കും. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിച്ച് പരിസരം ശുചിയായി നിലനിർത്താൻ പ്രത്യേക നടപടികൾ സ്വീകരിക്കും. ക്ഷേത്ര പരിസരത്ത് മെഡിക്കൽ ടീം, ആംബുലൻസ് സൗകര്യം ലഭ്യമാക്കും. ജനങ്ങളുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിന് പൊലീസ് സേനയെ വിന്യസിക്കും. പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ഫോറസ്റ്റ്, എക്സൈസ് വകുപ്പുകളുടെ സേവനം മുഴുവൻ സമയവും ലഭ്യമാക്കും. ക്ഷേത്ര പരിസരത്തെ ഹോട്ടലുകളിലും ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി ഭക്ഷ്യസുരക്ഷ ഉറപ്പാക്കും.

 

കർക്കിടക വാവ് ബലിക്കെത്തുന്നവർക്ക് പ്രയാസങ്ങളില്ലാതെ ബലിതർപ്പണം നടത്തുന്നതിന് സർക്കാർ വകുപ്പുകൾ, ക്ഷേത്ര ഭാരവാഹികൾ, ജനപ്രതിനിധികൾ സംയോജിതമായി പ്രവർത്തിക്കണമെന്ന് എം.എൽ.എ യോഗത്തിൽ അറിയിച്ചു. സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രവീന്ദ്രൻ, നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ, സുൽത്താൻ ബത്തേരി തഹസിൽദാർ വി. ആർ ജയപ്രകാശ്, ഡി.വൈ.എസ്.പി. എൻ. രാജേഷ് കുമാർ, ക്ഷേത്രഭാരവാഹികളായ കെ.ജി. ഗോപാലപിള്ള, സുരേന്ദ്രൻ ആവേത്താൻ, ബാബു കട്ടയാട്, ബാബു പഴുപ്പത്തൂർ, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *