അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസ്‌: അന്വേഷണത്തിന്‌ പ്രത്യേക സംഘം

കോഴിക്കോട്:അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ പണമിടപാട് കേസിൽ, അന്വേഷണത്തിന്‌ പ്രത്യേക സംഘത്തെ (എസ്‌ഐടി) നിയോഗിച്ചു. ജില്ലാ പൊലീസ്‌ മേധാവിക്ക്‌ കീഴിൽ വടകര സിഐ എ വി ദിനേശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ്‌ അന്വേഷിക്കും. വനിത പൊലീസുദ്യോഗസ്ഥരും ജില്ല നർക്കോട്ടിക് സെല്ലിലെയും സൈബർ സെല്ലിലേയും വടകര, എടച്ചേരി, പയ്യോളി സ്റ്റേഷനുകളിലെയും തെരഞ്ഞെടുത്ത ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയ പത്തംഗ എസ്ഐടിയാണ്‌ രൂപീകരിച്ചത്. റിമാൻഡിലുള്ള മൂന്ന്‌ പ്രതികളുടെയും അക്കൗണ്ടുകളിലേക്ക് പണം അയച്ച മുഴുവൻ പേരെയും കണ്ടെത്തി ഇവർക്ക് മയക്കുമരുന്ന് കച്ചവടവുമായി ബന്ധമുണ്ടോയെന്ന്‌ പരിശോധിക്കും. അടുത്തകാലത്ത് കോഴിക്കോട് റൂറൽ പരിധിയിൽ ലഹരി ഇടപാടുകളിൽ പിടിയിലായവർക്ക്‌ പ്രതികളുമായി ബന്ധമുണ്ടോയെന്ന്‌ പരിശോധിക്കും. പ്രതികളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും.

 

റിമാൻഡിലുള്ള സ്പെഷ്യൽ എഡ്യുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യ, പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്‌റ്റ് അധ്യാപിക മരുതോങ്കര സ്വദേശി കീർത്തന എന്നിവരെ ചുറ്റിപ്പറ്റി കൂടുതൽ അന്വേഷണം തുടരുകയാണ്‌. എംഡിഎംഎ ഇടപാടിന് പിന്നിൽ വൻ മയക്കുമരുന്ന് ശൃംഖലയുള്ളതായി സംശയമുണ്ട്‌. നിലവിൽ പൊലീസ് അന്വേഷിക്കുന്ന കേസിൽ ഇരു പ്രതികളെയും ഒരുമിച്ച് ചോദ്യംചെയ്യാൻ വടകര എൻഡിപിഎസ്‌ കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകി. അപേക്ഷ ചൊവ്വാഴ്‌ച പരിഗണിക്കും. ജില്ലക്കകത്തും പുറത്തും അന്വേഷണം വ്യാപിപ്പിക്കും. വിദ്യാർഥികൾ ഉൾപ്പെടെ സംഘത്തിന്റെ വലയിലകപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം. അധ്യാപികമാരെ ഇടനിലക്കാരാക്കി നടന്ന ലഹരി വിൽപ്പനയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ വടകര താഴെ അങ്ങാടി സ്വദേശി റിസ്വാനെ എംഡിഎംഎയുമായി പൊലീസ് പിടികൂടിയതോടെയാണ് പുറത്തുവന്നത്. കീർത്തനക്കും കാവ്യക്കും പുറമെ മറ്റു അധ്യാപികമാർ കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നത്.

 

ഇതിനിടെ, എംഡിഎംഎ പണമിടപാട് കേസിൽ പൊലീസ് അറസ്‌റ്റ് ചെയ്ത് റിമാൻഡിൽ കഴിയുന്ന സ്പെഷ്യൽ എഡ്യുക്കേറ്റർ കൂരാച്ചുണ്ട് സ്വദേശി കാവ്യയെ സർവീസിൽനിന്ന്‌ പിരിച്ചുവിട്ടു. കേസിൽ നേരത്തെ അറസ്റ്റിലായ പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്‌റ്റ് അധ്യാപിക മരുതോങ്കര സ്വദേശി കീർത്തനയെ എസ്എസ്എ സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടർ രണ്ട് ദിവസംമുമ്പ്‌ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. 2016 മുതല്‍ സ്പെഷ്യല്‍ എഡ്യുക്കേറ്ററായി ജോലിചെയ്യുകയാണ് കാവ്യ. കീർത്തനയും പത്തുവർഷത്തോളമായി പേരാമ്പ്ര ബിആർസിയിൽ താൽക്കാലിക ജീവനക്കാരിയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *