അവോക്കാഡോ ഫെസ്റ്റ് 2026ന് തുടക്കമായി; മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

അമ്പലവയൽ : കേരള കാർഷിക സർവ്വകലാശാലയുടെ ഭാഗമായ അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ (RARS) ലോക അവോക്കാഡോ ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘അവോക്കാഡോ ഫെസ്റ്റ് 2026’ ശ്രദ്ധേയമാകുന്നു. ഇന്ന് (ജൂലൈ 31, വെള്ളി) രാവിലെ 9 മണിക്ക് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 

 

 

 

1947-ൽ കേരളത്തിൽ ആദ്യമായി അവോക്കാഡോ കൃഷി ആരംഭിച്ച അമ്പലവയലിന്റെ കാർഷിക പൈതൃകം ആഘോഷിക്കുന്നതിനൊപ്പം, കർഷകർക്കും സംരംഭകർക്കും ഈ മേഖലയിലെ പുതിയ സാധ്യതകൾ തുറന്നുകൊടുക്കുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യം. ‘അവോക്കാഡോ സിറ്റി’ എന്ന ഖ്യാതി നേടിയ അമ്പലവയലിലെ നീലാംബരി ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ശാസ്ത്രീയമായ കൃഷിരീതികൾ, കീടരോഗ നിയന്ത്രണം, വിപണന തന്ത്രങ്ങൾ എന്നിവയെക്കുറിച്ച് വിപുലമായ സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

 

 

 

 

സെമിനാറുകളിൽ ഡോ. പി. രാജേന്ദ്രൻ, ഡോ. ഡെന്നി ഫ്രാങ്കോ, നജീബ് നാടുത്തൊടി, ഡോ. ഐറിൻ സി.കെ, ഡോ. ഷാരോൺ ജേക്കബ് തുടങ്ങിയ പ്രമുഖ വിദഗ്ധർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. അവോക്കാഡോയുടെ ഔഷധ ഗുണങ്ങൾ, വിവിധ ഇനങ്ങൾ, വിത്തുല്പാദനം, വിളവെടുപ്പ് രീതികൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ സെമിനാറിന്റെ ഭാഗമായി നടന്നു. മികച്ച അവോക്കാഡോ ഫലത്തിനുള്ള മത്സരവും കീടരോഗ നിർണ്ണയത്തിനായുള്ള കാർഷിക ക്ലിനിക്കും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളാണ്.

 

 

 

 

ചടങ്ങിൽ കാർഷിക സർവ്വകലാശാല എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. ബിനു പി. ബോണി സ്വാഗതം ആശംസിച്ചു. റിസർച്ച് ഡയറക്ടർ ഡോ. എ. ലത പ്രത്യേക പ്രഭാഷണം നടത്തി. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സി. കൃഷ്ണകുമാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, നെൻമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ഗംഗാധരൻ ആത്താർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിനി തോമസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ സീമ ബി.ജെ തുടങ്ങി നിരവധി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും ചടങ്ങിൽ പങ്കെടുത്തു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *