പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ പുറത്തിറക്കാന്‍ ഇരിക്കുന്ന, ചെലവ് കുറഞ്ഞ ഇഎല്‍- പ്ലാറ്റ്ഫോം അധിഷ്ഠിത ഇലക്ട്രിക് സ്കൂട്ടറിന് പേരിട്ടു. ഓഗസ്റ്റ് 29ന് നടക്കുന്ന ഏഥര്‍ കമ്മ്യൂണിറ്റി ഡേ 2026ല്‍ അവതരിപ്പിക്കുന്ന പുതിയ ഇലക്ട്രിക് സ്കൂട്ടറിന് കൊണാര്‍ക്ക് എന്നാണ് കമ്പനി പേര് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഏഥര്‍ കമ്മ്യൂണിറ്റി ഡേയില്‍ അവതരിപ്പിച്ച ഇഎല്‍01 കണ്‍സെപ്റ്റ് മോഡലിന് സമാനമായിരിക്കും പുതിയ സ്കൂട്ടര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്മൂത്ത് ബോഡിവര്‍ക്കുകളോട് കൂടിയ ലളിതമായ ഡിസൈന്‍, പരന്ന ഫ്ലോര്‍ ബോര്‍ഡ്, ഉയര്‍ന്ന പിന്‍സീറ്റോട് കൂടിയ നീളമുള്ള ഒറ്റപ്പീസ് സീറ്റ് എന്നിവയായിരിക്കും ഇതിന്റെ ഫീച്ചറുകള്‍. തിരശ്ചീനമായ ഡിആര്‍എല്ലുകളോട് കൂടിയ ചെറിയ എല്‍ഇഡി ഹെഡ്ലാമ്പ് സ്കൂട്ടറിന് ആധുനികമായ ഒരു ലുക്ക് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു ലക്ഷം രൂപ മുതല്‍ 1.24 ലക്ഷം രൂപ വരെയാണ് (എക്സ് ഷോറൂം) വില പ്രതീക്ഷിക്കുന്നത്.
