കെഎസ്ആർടിസി ബസപകടം; ഡ്രൈവർ വാഹനമോടിച്ചത് വിശ്രമമില്ലാതെ, ചട്ടലംഘനം നടന്നു

വയനാട്: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ബസ് കർണാടകയിലെ ബിദാദിക്ക് അടുത്ത് അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതര ചട്ടലംഘനം ഉണ്ടായെന്ന് കണ്ടെത്തൽ. അപകടത്തിൽ കൊല്ലപ്പെട്ട ഡ്രൈവർ വിശ്രമം ഇല്ലാതെയാണ് വാഹനം ഓടിച്ചതെന്നാണ് ലഭ്യമായ വിവരം. കെഎസ്ആർടിസിയുടെ ഡീലക്‌സ് ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് പുറമേ കണ്ടക്റ്ററും അപകടത്തിൽ മരണപ്പെട്ടു.

 

മരണപ്പെട്ട ഡ്രൈവർ മിഥിലേഷ് അടുത്തിടെയാണ് സർവീസിൽ ചേർന്നതെന്നാണ് സൂചന. പരിചയ സമ്പന്നരായ ഡ്രൈവർമാരെ മാത്രമേ ദീർഘദൂര സർവീസുകൾക്ക് നിയോഗിക്കാവൂ എന്ന ചട്ടം ലംഘിച്ചാണ് മിഥിലേഷ് വാഹനം ഓടിച്ചത്. സ്ഥിരം ജീവനക്കാരിൽ സീനിയോരിറ്റി ഉള്ളവർ ഇല്ലെങ്കിൽ എം പാനലിനെ പരിചയസമ്പന്നരെ ഉപയോഗിക്കണമെന്ന ഉത്തരവും നിലവിൽ ഉണ്ടായിരുന്നെങ്കിലും അതൊന്നും നടപ്പായിരുന്നില്ല.

 

മാത്രമല്ല തുടർച്ചയായ ഡ്യൂട്ടിയിലൂടെ ഡ്രൈവർ ക്ഷീണിതനാവാൻ സാധ്യത ഉണ്ടെന്നും വിലയിരുത്തലുണ്ട്. തലേദിവസം രാത്രി മൈസൂരു കോഴിക്കോട് ബസ് ഓടിച്ച മിഥിലേഷ് രാവിലെ ഡിപ്പോയിലെത്തിയ ശേഷം വീണ്ടും ബെംഗളൂരുവിലേക്ക് തിരിക്കുകയായിരുന്നു. മാത്രമല്ല കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളിൽ ഡ്രൈവർ കം കണ്ടക്റ്റർ സംവിധാനം നടപ്പാക്കണമെന്നാണ് ചട്ടം പറയുന്നത്. എന്നാൽ ഇവിടെ അതുണ്ടായില്ല.

 

രാത്രികാലങ്ങളിൽ അഞ്ചു മണിക്കൂറിൽ അധികം സർവീസ് നടത്തുന്ന ദീർഘദൂര ബസുകളിൽ ഡ്രൈവർ കം കണ്ടക്റ്റർമാരെ നിയോഗിക്കുന്ന രീതിയാണ് പിന്തുടരേണ്ടത്. എന്നാൽ അപകടത്തിൽപ്പെട്ട സർവീസിലെ കണ്ടക്റ്ററായിരുന്ന എൻഎം അരുൺ ഡ്രൈവർ കം കണ്ടക്റ്റർ അല്ലായിരുന്നു. എന്നാൽ യൂണിയനുകളുടെ സമ്മർദ്ദം കാരണമാണ് കോഴിക്കോട്-ബെംഗളൂരു സർവീസിൽ ഡ്രൈവർ കം കണ്ടക്റ്റർ രീതി പിന്തുടരാത്തതെന്ന ആക്ഷേപം ശക്തമാണ്.

 

അതേസമയം, സംഭവമറിഞ്ഞ ഉടൻ ബെംഗളൂരുവിലെ കെഎസ്ആർടിസി ഉദ്യോഗസ്ഥർ അപകടസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ആവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുകയും ചെയ്‌തുവെന്ന്‌ കെഎസ്ആർടിസി അറിയിച്ചു. കൂടാതെ, ബെംഗളൂരുവിലെ മലയാളി സമാജത്തിന്റെ അംഗങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളായി പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിൽ നിർണായക പിന്തുണ നൽകിയെന്നും കെഎസ്ആർടിസി പങ്കുവച്ച ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *