മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ദുരന്തബാധിതരുടെ ഉപജീവനത്തിനായി കുടുംബശ്രീക്ക് 90.16 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ടൗൺഷിപ്പുകളിൽ ഉപജീവന മാർഗം ഒരുക്കുന്നതിനായി കുടുംബശ്രീക്ക് 90,16,600 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ടൗൺഷിപ്പുകളിലേക്ക് മാറിത്താമസിക്കുന്ന ഗുണഭോക്താക്കൾക്ക് സുസ്ഥിരമായ വരുമാന മാർഗ്ഗം ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കാനാണ് ഈ തുക വിനിയോഗിക്കുക. തുക കുടുംബശ്രീക്ക് കൈമാറാൻ വയനാട് ജില്ലാ കളക്ടർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

 

ടൗൺഷിപ്പുകളിലെ പരിമിതമായ സാഹചര്യങ്ങളിൽ മൃഗസംരക്ഷണ പദ്ധതികൾ നേരിട്ട് നടപ്പാക്കാൻബുദ്ധിമുട്ടുള്ളതിനാലാണ് നേരത്തെ മൃഗസംരക്ഷണ വകുപ്പിനായി നീക്കിവെച്ച തുക കുടുംബശ്രീ മുഖേന വിനിയോഗിക്കാൻ തീരുമാനിച്ചത്. ദുരന്തബാധിതർ തയ്യാറാക്കിയ മൈക്രോ പ്ലാൻ പ്രകാരം പുനരധിവസിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് തിരിച്ചടവില്ലാത്ത രണ്ടു ലക്ഷം രൂപ വീതം ഉപജീവന സഹായമായി നൽകുന്നതിന് ആകെ 5,11,46,850 രൂപ അനുവദിക്കണമെന്ന് ജില്ലാ കളക്ടർ ശുപാർശ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് മൃഗസംരക്ഷണ മേഖലയിലെ പദ്ധതികൾക്കായി നീക്കിവെച്ച 90,16,600 രൂപ ഇപ്പോൾ കുടുംബശ്രീക്ക് കൈമാറുന്നത്.

 

ദുരന്തബാധിത കുടുംബങ്ങളുടെ നിലവിലെ സാഹചര്യവും താത്പര്യങ്ങളും പരിഗണിച്ച് അവർക്ക് അനുയോജ്യമായ പ്രായോഗിക പദ്ധതികൾ കുടുംബശ്രീ ആവിഷ്കരിക്കും. പുനരധിവാസം കേവലം വീടുകളും താമസസൗകര്യവും നൽകുന്നതിൽ മാത്രം ഒതുക്കാതെ, ദുരന്തബാധിതർക്ക് കൃത്യമായ ഉപജീവനവും ജീവനോപാധിയും വരുമാന സുരക്ഷയും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!