മലപ്പുറം: പുത്തനത്താണിയിൽ മൂന്നര കിലോയോളം തൂക്കം വരുന്ന ആനക്കൊമ്പുമായി വയനാട് സ്വദേശി ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെ വനംവകുപ്പ് പിടികൂടി. തിരുവനന്തപുരം വനം ഇന്റലിജൻസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നിലമ്പൂർ റേഞ്ച് ഫ്ലയിങ് സ്ക്വാഡും കാളികാവ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
വയനാട് മേപ്പാടി സ്വദേശി ഫൈസൽ ചോലക്കൽ, തിരൂർ ആലത്തിയൂർ സ്വദേശികളായ ജംഷീർ തറയിൽ, അബ്ദുൽ ജബ്ബാർ തറയിൽ, തിരൂർ സ്വദേശി ഷോബിഷ് വെട്ടാത്, പുത്തനത്താണി സ്വദേശികളായ അബ്ദുൽ സമീർ ബാബു, ഷെമീർ രായംമരക്കാർ, സുബൈർ നെടുവംചേരി എന്നിവരാണ് അറസ്റ്റിലായത്. പുത്തനത്താണി-തിരുനാവായ റോഡിൽ വെച്ച് രണ്ട് കാറുകളിലായി ആനക്കൊമ്പ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് വനപാലക സംഘം ഇവരെ തടഞ്ഞു നിർത്തി പിടികൂടിയത്.
ആനക്കൊമ്പിന് പുറമേ കടത്താനുപയോഗിച്ച രണ്ട് വാഹനങ്ങളും, ഇവരിൽ സൂക്ഷിച്ചിരുന്ന മാരകായുധങ്ങളായ ഒരു പിസ്റ്റളും രണ്ട് കത്തികളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പ്രതികൾക്ക് ആനക്കൊമ്പ് ലഭിച്ച ഉറവിടത്തെക്കുറിച്ചും ഇതിന് പിന്നിലെ വലിയ ശൃംഖലയെക്കുറിച്ചും വനംവകുപ്പ് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
