സുൽത്താൻബത്തേരി: ഒരാഴ്യോളമായി ജില്ലയുടെ വിവിധഭാഗങ്ങളിൽ സ്ത്രീകളുടെ സ്വർണമാലകൾ കവർന്ന് ഭീതിപരത്തിയ സംഘത്തിലെ രണ്ടുപേർകൂടി പിടിയിലായി. തമിഴ്നാട് സ്വദേശികളായ മധുരൈ ചിന്താമണി എം. രവി (48), ശിവഗംഗ മടപുര എം. മാരിമുത്തു (പാണ്ഡ്യൻ-39) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേകസംഘവും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.
ഇവർ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന മലപ്പുറം ഐക്കരപ്പടിയിലെ മുറിയിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബത്തേരിയിലെ മാലമോഷണക്കേസിൽ പിടിയിലായവരുടെ കൂട്ടാളികളാണിവരെന്നും ഇതോടെ മാല കവർച്ചാക്കേസുകളിൽ ജില്ലയിൽ ഏഴുപേർ പിടിയിലായെന്നും പോലീസ് അറിയിച്ചു.
തിങ്കളാഴ്ച ഉച്ചയോടെ അമ്മായിപ്പാലത്തുനിന്ന് ബത്തേരിയിലേക്ക് കെ.എസ്.ആർ.ടി.സി. ബസിൽ വന്ന നെന്മേനി സ്വദേശിനിയുടെ മൂന്നുപവന്റെ മാലയും ഒരുഗ്രാമിന്റെ താലിയുമടക്കം ഏകദേശം 3,82,000 രൂപ വിലവരുന്ന മാല വലിച്ചുപൊട്ടിച്ച് കവർന്നിരുന്നു. ബത്തേരി ഗാന്ധി ജങ്ഷനിലെത്തിയപ്പോളാണ് വയോധിക മാല നഷ്ട്ടപ്പെട്ടത് അറിഞ്ഞത്
വിവരം അറിഞ്ഞതോടെ പോലീസ് പലസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ മധുര സ്വദേശികളായ അളകനല്ലൂർ ഈശ്വരി (47), അളകനല്ലൂർ കണ്ണകി (അർച്ചന, രമ്യ-30) എന്നിവരെ മീനങ്ങാടി പഞ്ചായത്ത് പരിസരത്തുനിന്ന് പിടികൂടയിരുന്നു. മീനങ്ങാടിയിലെ ഫാൻസി കടയിൽനിന്ന് കോസ്മെറ്റിക് ഉത്പന്നങ്ങൾ മോഷ്ടിച്ചതും ഇവരാണെന്ന് കണ്ടെത്തി.
എന്നാൽ പരസ്പപരവിരുദ്ധമായി സംസാരിച്ചും പൂർണമായി വിവരങ്ങൾ വെളിപ്പെടുത്താതെയും അന്വേഷണവുമായി ഇവർ സഹകരിച്ചില്ല. എങ്കിലും പോലീസിന്റെ കൃത്യവും ശാസ്ത്രീയവുമായ അന്വേഷണം കൂട്ടുപ്രതികളായ ഈശ്വരിയുടെ ഭർത്താവ് രവിയിലേക്കും രമ്യയുടെ ഭർത്താവായ മാരിമുത്തുവിലേക്കും എത്തുകയായിരുന്നു.
മോഷണത്തിലൂടെ ലഭിക്കുന്ന സ്വർണാഭരണങ്ങൾ വിറ്റ് വീതംവെച്ച് എടുക്കുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. ഈശ്വരിക്ക് പാനൂർ, വാടാനപ്പിള്ളി, അടൂർ പോലീസ് സ്റ്റേഷനുകളിലും രമ്യയ്ക്ക് തൃശ്ശൂർ വെസ്റ്റ്, കൊയിലാണ്ടി സ്റ്റേഷനുകളിലും മോഷണക്കേസുകളുണ്ട്. മറ്റുപേരുകളിലും ഇവർ അറിയപ്പെടുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
