തിരുവനന്തപുരം: ഓണക്കാലത്തെ കടുത്ത യാത്രാത്തിരക്ക് പരിഗണിച്ച് യാത്രക്കാർക്കായി വിപുലമായ യാത്രാ സൗകര്യങ്ങളൊരുക്കി കെ.എസ്.ആർ.ടി.സി (KSRTC Onam special bus service). പ്രധാന കേന്ദ്രങ്ങളിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ദീർഘദൂര സർവീസുകളും അധിക ബസുകളും ഓപ്പറേറ്റ് ചെയ്യും. ആഗസ്റ്റ് 21 മുതൽ 25 വരെയും ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 3 വരെയും കൂടുതൽ സർവീസുകൾ നിരത്തിലിറക്കാനാണ് തീരുമാനം.
ബെംഗളൂരു, ചെന്നൈ തുടങ്ങിയ അയൽസംസ്ഥാന നഗരങ്ങളിലേക്കും തിരിച്ചും ആഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെ പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ നടത്തുന്നതാണ്. ആലപ്പുഴ-ബെംഗളൂരു വോൾവോ എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് പ്രവർത്തനം ആരംഭിച്ചതിന് പുറമേ, തിരുവനന്തപുരം-എറണാകുളം എക്സിക്യൂട്ടീവ് ക്ലാസ് സർവീസ് ആഗസ്റ്റ് 20-ന് ആരംഭിക്കും. ബഡ്ജറ്റ് ടൂറിസം സെൽ വഴി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകളും ഒരുക്കിയിട്ടുണ്ട്. തിരുവോണം ഒഴികെയുള്ള ദിവസങ്ങളിൽ പരമാവധി സർവീസുകൾ ഓപ്പറേറ്റ് ചെയ്യും.
യാത്രക്കാർക്ക് www.keralartc.com എന്ന വെബ്സൈറ്റ്, ‘എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ്’ ആപ്പ്, റിസർവേഷൻ കൗണ്ടറുകൾ എന്നിവ വഴി മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാം. കൂടാതെ 9447071021 എന്ന വാട്സാപ്പ് നമ്പറിലേക്ക് ‘Hi’ എന്ന് സന്ദേശമയച്ചും ബസ് വിവരങ്ങളും ബുക്കിംഗും ലഭ്യമാകും.
