ജില്ലയിലെ അനധികൃത സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി

കൽപ്പറ്റ: ജില്ലയിലെ അനധികൃത സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ്, കേരള സംസ്ഥാന ഐ.ടി. മിഷൻ എന്നിവയുടെ സഹകരണത്തോടെ വയനാട് ജില്ലാഭരണകൂടം നടപ്പാക്കുന്ന പദ്ധതിയാണ് “ഓപ്പറേഷൻ സ്കാൻ”. സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലൂടെ പൊതുജനങ്ങൾക്ക് നൽകിവരുന്ന ഓൺലൈൻ സേവനങ്ങൾ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കുവാൻ അക്ഷയ കേന്ദ്രങ്ങളെയാണ് സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. എന്നാൽ അക്ഷയ കേന്ദ്രമാണെന്ന വ്യാജേന മറ്റ് ഇതര സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ അക്ഷയയ്ക്ക് സമാനമായ പേര്, കളർ കോഡ് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്നത് പൊതുജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകുവാൻ ഇടയുണ്ട്. ഇതര സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങൾ അക്ഷയയ്ക്ക് സമാനമായ പേര്, കളർ കോഡ് എന്നിവ ഉപയോഗിക്കാൻ പാടില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.

 

തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്നും ലഭിച്ച ലൈസൻസ് പ്രകാരമല്ലാതെ ഇത്തരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളെ കണ്ടെത്തി പ്രസ്തുത കേന്ദ്രത്തിനെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനം മുഖേന കർശന നടപടി സ്വീകരിക്കുവാനാണ് “ഓപ്പറേഷൻ സ്കാൻ” പദ്ധതിയുടെ ആദ്യഘട്ടം ലക്ഷ്യമിടുന്നത്. പൊതുജനങ്ങൾക്ക് ഇത്തരത്തിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന സ്വകാര്യ ഓൺലൈൻ കേന്ദ്രങ്ങളെക്കുറിച്ച് പരാതി നൽകുവാൻ സംസ്ഥാന സർക്കാരിന്റെ ഗവൺമെന്റ് സിറ്റിസൺ കോൾ സെന്റർ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: 155300 / 0471–2335523.

 

പ്രസ്തുത പദ്ധതിയുടെ പോസ്റ്റർ പ്രകാശനം 21 Aug 2026-നു നിർവഹിച്ചു. സബ് കളക്ടർ ശ്രീ അതുൽ സാഗർ ഐ.എ.എസ്, എ.ഡി.എം ശ്രീ കെ. അജീഷ്, പി.ആർ.ഡി ഡി.ഐ.ഒ ശ്രീമതി സുമ, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ശ്രീ മജീദ് പി.സി., കേരള സംസ്ഥാന ഐ.ടി. മിഷൻ ഡി.പി.എം ശ്രീ നിവേദ് എസ്. എന്നിവർ സന്നിഹിതരായിരുന്നു.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!