കൽപ്പറ്റ: പുഞ്ചിരിമറ്റം ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേരള മഹല്ല് കോൺഫെഡറേഷൻ്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ നടപ്പാക്കുന്ന ഭവന പദ്ധതി ആദ്യഘട്ടത്തിൽ കോട്ടത്തറ പഞ്ചായത്തിലെ വാളിൽ നിർമ്മാണം പൂർണമായ 12 വീടുകൾ നാളെ ഗുണഭോക്തൃ കുടുംബങ്ങൾക്ക് കൈമാറും. ഇത് ഉച്ചകഴിഞ്ഞ് രണ്ടിന് വാളാൽ യുപി സകൂളിന് സമീപം സംഘടിപ്പിക്കുന്ന ചടങ്ങ് കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.
ഭവനങ്ങളുടെ താക്കോൽദാനം വിവിധ മഹല്ല് പ്രതിനിധികൾ നിർവഹിക്കും. എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ, മുഹമ്മദ് വെട്ടത്ത് അധ്യക്ഷത വഹിക്കും. ഓരോ വീടും സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ആധാരം അൻസാർ ദുബായ് കൈമാറും.എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ മുഖ്യരക്ഷാധികാരി അലിയാർ ഖാസിമി മുഖ്യപ്രഭാഷണം നടത്തും. കുടിവെള്ള പദ്ധതി കോട്ടത്തറ പഞ്ചായത്ത് പ്രസിഡൻ്റ് സി.പി. രജിത ഉദ്ഘാടനം ചെയ്യും. പദ്ധതി പ്രദേശത്തെ റോഡിൻ്റെ ഉദ്ഘാടനം വാർഡ് അംഗം ജസ്റ്റിൻ സിറിയക് നിർവഹിക്കും.
കൊല്ലം കരുനാഗപ്പള്ളി സ്വദേശി അൻസാർ സൗജന്യമായി നൽകിയ 1.08 ഏക്കർ സ്ഥലത്താണ് ഭവന പദ്ധതി നടപ്പാക്കിയത്. രണ്ട് വീടുകളുടെ നിർമ്മാണം പൂരോഗതിയിലാണ്. ഓരോ കുടുംബത്തിനും അഞ്ച് സെൻ്റ് സ്ഥലവും 860 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടും നൽകുന്നതാണെന്ന് കേരള മഹൽ കോൺഫെഡറേഷൻ ചീഫ് കോഓർഡിനേറ്റർ ടി.എ. മുജീബ് റഹ്മാൻ അറിയിച്ചു.
