തിരുനെല്ലിയിലെ ബലിതർപ്പണം: ഭക്തജനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തണം: കേരള ക്ഷേത്രസംരക്ഷണ സമിതി

തിരുനെല്ലി: കേരളത്തിലെ തെക്കൻ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ബലിതർപ്പണം നടത്തുവാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാലു വർഷങ്ങൾക്കു മുമ്പ് ഭക്തജനങ്ങളെ കാട്ടിക്കുളത്ത് തടഞ്ഞുനിർത്തി കെഎസ്ആർടിസി വാഹനങ്ങളിൽ കൊണ്ടുപോയി പാതിവഴി ഇറക്കി ബഹുദൂരം നടന്നാണ് പ്രായം ചെന്നവരും അമ്മമാരുമായ ഭക്ത ജനങ്ങൾ ബലിതർപ്പണം നടത്തിയിരുന്നത്.

 

ഇത് സ്ഥാപിത താൽപര്യക്കാരുടെ അജണ്ടയായിരുന്നു. എന്നാൽ വിവിധ ഹൈന്ദവ സംഘ ടനങ്ങളുടെ സമരം മൂലം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ഹൈന്ദവ സംഘടനകൾ മുന്നോട്ടുവെച്ച സംവിധാനങ്ങളാണ് നടപ്പിലാക്കിയത്. ബലിതർപ്പണത്തിന് എത്തുന്ന സ്വകാര്യവാഹനങ്ങൾ ഭക്തജനങ്ങളെ ക്ഷേത്രനടയിൽ ഇറക്കി പ്രസ്തുത വാഹനങ്ങൾ നെട്ടറ റോഡിൽ പാർക്ക് ചെയ്യാനും തിരിച്ച് പോലീസ് സ്റ്റേഷൻ വഴി പോയി ബലി തർപ്പണം കഴിഞ്ഞ് മടങ്ങുന്നവരെ ക്ഷേത്രനടയിൽ നിന്നും കയറ്റി പനവല്ലി കാട്ടിക്കുളം വഴി തിരിച്ചു വിടുന്ന രീതിയായിരുന്നു കേരള ക്ഷേത്രസംരക്ഷണ സമിതി അടക്കമുള്ള ഹൈന്ദവ സംഘടനകൾ മുന്നോട്ടുവെച്ചത്.

 

എന്നാൽ കഴിഞ്ഞ വർഷം ക്ഷേത്ര നടയിൽ ഭക്തജനങ്ങളെ ഇറക്കാതെ പാർക്കിംഗ് സ്ഥലത്തേക്ക് വാഹനങ്ങളെ പോലീസ് അയക്കുകയായിരുന്നു. ആയതിനാൽ പാർക്കിംഗ് സ്ഥലത്ത് നിന്നും ക്ഷേത്രത്തിലേക്ക് എത്തിച്ചേരാൻ ഭക്തജനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഈ വർഷം മുതൽ ഭക്തജനങ്ങളെ ക്ഷേത്രനടയിൽ തന്നെ ഇറക്കി ബലി തർപ്പണം ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഇ.കെ ഗോപി ആവശ്യപ്പെട്ടു. യോഗത്തിൽ കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ പ്രസിഡണ്ട് ഇ.കെ ഗോപി അധ്യക്ഷത വഹിച്ചു. ജില്ലാ ജന.സെക്രട്ടറി ശ്രീനിവാസൻ മാസ്റ്റർ, ബിബിത മനോജ്, കെ കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *