രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്ടറെ സ്ഥലം മാറ്റി

തൃശ്ശൂർ:കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ സ്ഥലം മാറ്റി. ഡോ. രേഖ കൃഷ്ണനെ തെന്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കാണ് സ്ഥലം മാറ്റിയത്. ഡോക്ടറോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റം. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി. കാഷ്വാലിറ്റി ഇല്ലാത്ത ആശുപത്രിയിലേക്ക് മാറ്റണം എന്നായിരുന്നു ശുപാര്‍ശ.

 

കൊട്ടാരക്കര താലൂക്ക് ആശുപത്രില്‍ അത്യാഹിത വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്നു ഡോ. രേഖാ കൃഷ്ണ. കഴിഞ്ഞ ദിവസമാണ് അത്യാഹിത വിഭാഗത്തില്‍ പനിയും ശരീരവേദനയുമായി ചികിത്സ തേടിയെത്തിയ രോഗിയോട് ഡോക്ടര്‍ മോശമായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാത്രിയില്‍ ചികിത്സ തേടിയെത്തിയതിനെ ചോദ്യം ചെയ്ത ഡോക്ടര്‍ രോഗിയെ അവഹേളിക്കുംവിധം സംസാരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

 

‘മരുന്ന് എത്ര ദിവസത്തേക്കാണോ തന്നിരിക്കുന്നത് ആ ദിവസമാകുമ്പോഴേക്കേ ഇഫക്ടുണ്ടാവൂ. ഇത് മന്ത്രവാദമൊന്നുമല്ല. വേദനയുണ്ടാകും. രണ്ട് ദിവസം കൊണ്ട് മാറും. അതിലെന്താണ് എമര്‍ജന്‍സി. പാതിരാത്രി കഴിഞ്ഞുവന്നു പറയാന്‍ പറ്റിയ സാധനമാണോ ഇത്’ എന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്.

 

സംഭവം വിവാദമായതോടെ ഡോക്ടര്‍ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും അടക്കം രംഗത്തെത്തിയിരുന്നു. ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സൂപ്രണ്ടിന് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!