കാസർഗോഡ് :ചെർക്കളയില്‍ കാറില്‍ MDMA കടത്താൻ ശ്രമിച്ച യുവതിയെയും യുവാവിനെയും വിദ്യാനഗർ പൊലീസ് അറസ്റ്റ് ചെയ്തു.ചട്ടഞ്ചാല്‍ എയ്യള ഹൗസിലെ മുഹമ്മദ് ഫൈസല്‍ (34), പൊയിനാച്ചി വിജയ ക്വാർട്ടേഴ്സിലെ തസ്ലീം ഫർസാന (24) എന്നിവരാണ് അറസ്റ്റിലായത്. ദേശീയപാത നിർമാണം പുരോഗമിക്കുന്ന മേല്‍പ്പാലത്തിന് സമീപത്തെ സിഗ്നല്‍ പരിസരത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം പട്രോളിംഗ് നടത്തുകയായിരുന്ന എസ്.ഐ വിജയൻ മേലത്തും എസ്.പി യുടെ ഡാൻസാഫ് സംഘവും സംശയം തോന്നി കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
കാർ എതിർദിശയില്‍നിന്ന് വരുന്നതിനിടെ പൊലീസ് വാഹനം കണ്ടതോടെ പെട്ടെന്ന് യു-ടേണ്‍ എടുത്ത് കാസർകോട് ഭാഗത്തേക്ക് ഓടിച്ചുപോകാൻ ശ്രമിച്ചതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് പൊലീസ് വാഹനം പിന്തുടർന്ന് കാറിന് കുറുകെയിട്ട് തടഞ്ഞുനിർത്തി പരിശോധന നടത്തുകയായിരുന്നു. മുഹമ്മദ് ഫൈസലിന്റെ പാന്റിന്റെ മുൻകീശയില് രണ്ട് ചെറിയ സിപ്പ് ലോക്ക് കവറുകളിലായി സൂക്ഷിച്ചിരുന്ന ഒരു ഗ്രാം എം.ഡി.എം.എ കണ്ടെത്തി.
വാഹനത്തില്‍ നടത്തിയ വിശദമായ പരിശോധനയില്‍ ഹുക്ക, നിരവധി സിപ്പ് ലോക്ക് കവറുകള്‍ അടങ്ങിയ നീല പൗച്ച്, ഡിജിറ്റല്‍ ത്രാസ് എന്നിവയും കണ്ടെത്തി. പ്രതികളുടെ കൈവശമുണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ചതായി കണ്ടെത്തിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരുവില്‍ നിന്നും ഇടനിലക്കാരനില്‍ നിന്നും വാങ്ങി കൊണ്ടുവരികയായിരുന്നു മയക്കുമരുന്നെന്ന് പ്രതികള്‍ പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്.
