lകോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിൽ ഇന്ന് വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണം. വൈകിട്ട് അഞ്ച് മണി മുതലാണ് നിയന്ത്രണം ആരംഭിക്കുക. വൈദ്യരങ്ങാടി–രാമനാട്ടുകര മുതൽ മലാപ്പറമ്പ് വരെയും മലാപ്പറമ്പ് മുതൽ കുന്നമംഗലം–മടവൂർ വരെയും പൂർണ ഗതാഗത നിയന്ത്രണമുണ്ടാകും.
അൻവർ ഇബ്രാഹിം ഇന്ന് വൈകിട്ട് 6.30ന് കരിപ്പൂർ വിമാനത്താവളത്തിലെത്തും. തുടർന്ന് രാത്രി 7.30 മുതൽ 9.30 വരെ മർകസിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും. ശൈഖ് അബൂബക്കർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ‘എക്‌സലൻസ് അവാർഡ്’ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മലേഷ്യൻ പ്രധാനമന്ത്രിക്ക് സമ്മാനിക്കും.
മർകസിലെ പരിപാടിക്ക് ശേഷം അൻവർ ഇബ്രാഹിം മടവൂർ സി.എം. മഖാമിലെത്തും. ഇവിടെ ഏകദേശം 20 മിനിറ്റ് ചെലവഴിച്ച ശേഷം രാത്രി പത്തിന് താമസസ്ഥലത്തേക്ക് മടങ്ങും.നിയന്ത്രണം ഏർപ്പെടുത്തുന്ന മേഖലകളിലേക്ക് എത്തുന്ന വാഹനങ്ങൾക്ക് പൊലീസ് ബദൽ ഗതാഗത മാർഗങ്ങളും നിർദേശിച്ചിട്ടുണ്ട്.
◾വയനാട് ഭാഗത്ത് നിന്ന്: താമരശ്ശേരി–ബാലുശ്ശേരി–നന്മണ്ട–എരഞ്ഞിപ്പാലം വഴി കോഴിക്കോട് നഗരത്തിലേക്ക് പ്രവേശിക്കണം.
◾കൊടുവള്ളി ഭാഗത്ത് നിന്ന്: പടനിലം–കളരിക്കണ്ടി–വരട്ട്യാക്ക്–പെരിങ്ങളം വഴി യാത്ര ചെയ്യണം.
◾മുക്കം ഭാഗത്ത് നിന്ന്: ചെത്തുകടവ്–പെരിങ്ങളം വഴി കോഴിക്കോട് നഗരത്തിലേക്ക് എത്തണം.
◾കണ്ണൂർ ഭാഗത്ത് നിന്ന്: എലത്തൂർ–പാവങ്ങാട്–നടക്കാവ് വഴിയുള്ള റോഡുകൾ ഉപയോഗിക്കണം.
◾യൂണിവേഴ്സിറ്റി ഭാഗത്ത് നിന്ന്: ഇടിമൂഴിക്കൽ–രാമനാട്ടുകര–ഫറോക്ക്–ചെറുവണ്ണൂർ വഴി കോഴിക്കോട് സിറ്റിയിലേക്ക് പ്രവേശിക്കണമെന്നാണ് നിർദേശം.
◾ഗതാഗത നിയന്ത്രണം കണക്കിലെടുത്ത് യാത്രക്കാർ നേരത്തെ യാത്ര ക്രമീകരിക്കണമെന്നും ബദൽ റൂട്ടുകൾ പരമാവധി ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു.
