തിരുവനന്തപുരം: പാറശാലയിൽ മദ്രസയിൽ പഠിക്കാനെത്തിയ പതിനൊന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ മദ്രസ അധ്യാപകനെ പൊഴിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പുല്ലൂർക്കോണം കോണത്തുമേലേ വീട്ടിൽ സെയ്ദ് മുഹമ്മദ് (58) ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്രസയിൽ പഠിച്ചിരുന്ന പെൺകുട്ടിയെ പരീക്ഷയിൽ തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പ്രതി നിരന്തരം ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഭയം കാരണം കുട്ടി സംഭവം പുറത്തുപറയാതെ തുടരുകയായിരുന്നു.
സംഭവത്തിന് പിന്നാലെ കുട്ടി കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നാണ് വിവരം. അടുത്തിടെ കുട്ടി പഠിക്കുന്ന സ്കൂളിൽ അധ്യാപകർ നടത്തിയ കൗൺസലിങ്ങിനിടെയാണ് തനിക്കുണ്ടായ ദുരനുഭവം കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം കുട്ടിയുടെ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ വീട്ടുകാർ പൊഴിയൂർ പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.
പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയിൽ പോക്സോ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
