ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ വീടിനുള്ളിലെ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായി ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്‌ച രാത്രി ചാവട്ട് ഗല്ലിയിലാണ് അപകടമുണ്ടായത്. റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീട്ടിൽ തീപടർന്നതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. തീ അതിവേഗം പടർന്നതോടെ വീട്ടിലുണ്ടായിരുന്നവർക്ക് പുറത്തുകടക്കാൻ സാധിക്കാതെ വന്നതാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഗജാനൻ ധാമോനെ (65), റോഷൻ ധാമോനെ (21), ശാരദ ധാമോനെ (45), ഭാരതി ധാമോനെ (50) എന്നിവരാണ് മരിച്ചത്. പിയ ധാമോനെ (28), ഗംഗ ധാമോനെ (25) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. റഫ്രിജറേറ്റർ പൊട്ടിത്തെറിക്കാനിടയായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
