കൊച്ചി:ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് ഉടമ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ വീണ്ടും വാദം കേൾക്കും. ആന്റോ അഗസ്റ്റിൻ സമർപ്പിച്ച രേഖകൾ ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹർജിയിലെ വാദം നാളത്തേക്ക് മാറ്റിയത്.
ഇന്ന് കേസ് പരിഗണിച്ചപ്പോൾ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച 17 രേഖകൾ പ്രോസിക്യൂഷന് ലഭിച്ചിട്ടുണ്ടോ എന്ന് കോടതി ചോദിച്ചു. രേഖകൾ ലഭിച്ചിട്ടില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതോടെ വിശദമായ വാദം നാളെ കേൾക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെയാണ് മുൻകൂർ ജാമ്യാപേക്ഷയിലെ തുടർനടപടികൾ നാളത്തേക്ക് മാറ്റിയത്.
അതേസമയം, നിലവിൽ ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് പൊലീസ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. കേസിൽ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ടുപോകുന്നത്.
അതിനിടെ, എസ്‌ഐടി നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത 6,200 യുഎസ് ഡോളർ തിരികെ നൽകണമെന്നാവശ്യപ്പെട്ട് ആന്റോ അഗസ്റ്റിൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ തുക തിരികെ നൽകാൻ പൊലീസ് തയ്യാറായിട്ടില്ല. പിടിച്ചെടുത്ത വിദേശ കറൻസിയുടെ ഉറവിടം സംബന്ധിച്ച് വ്യക്തമായ അന്വേഷണം ആവശ്യമാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
മെസിയെ കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനവുമായി ബന്ധപ്പെട്ട ഇടപാടുകളും സാമ്പത്തിക ഇടപാടുകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. കേസിൽ ആന്റോ അഗസ്റ്റിന്റെ പങ്ക്, പണം കൈമാറിയതിന്റെ സാഹചര്യം, പിടിച്ചെടുത്ത വിദേശ കറൻസിയുടെ ഉറവിടം തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണത്തിന്റെ പ്രധാന ശ്രദ്ധ. മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ നടക്കുന്ന വാദത്തോടെ കേസിലെ തുടർനടപടികളിൽ കൂടുതൽ വ്യക്തത വരും.
