വിന്‍ഡീസിന്റെ 406 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ

ഗുവാഹത്തി: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ 406 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്ന് ടീം ഇന്ത്യ. ശുഭ്മാന്‍ ഗില്ലിന്റെ (133 പന്തില്‍ പുറത്താവാതെ 223) ഇരട്ട സെഞ്ചുറിയും രോഹിത് ശര്‍മയുടെ (101) സെഞ്ചുറിയുമാണ് ഇന്ത്യക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചത്. 43.3 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. നേരത്തെ അമീര്‍ ജാംഗൂ (114), ജോണ്‍ കാംപെല്‍ (101), ഷായ് ഹോപ്പ് (104) എന്നിവരുടെ സെഞ്ചുറികളാണ് വിന്‍ഡീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ഏകദിന ചരിത്രത്തില്‍ ആദ്യമായിട്ടാണ് വിന്‍ഡീസ് 400 റണ്‍സ് നേടുന്നത്. ഏഴ് വിക്കറ്റുകള്‍ സന്ദര്‍ശകര്‍ക്ക് നഷ്ടമായി.

 

രോഹിത് – ഗില്‍ സഖ്യം മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ തന്നെ 255 റണ്‍സ് ചേര്‍ത്തു. അടുത്തിടെ വിമര്‍ശനങ്ങള്‍ നേരിട്ട രോഹിത് സെഞ്ചുറിയോടെ തന്നെ മറുപടി നല്‍കി. 27-ാം ഓവറില്‍ രോഹിത് പുറത്താവുമ്പോള്‍ 75 പന്തില്‍ 101 റണ്‍സ് നേടിയിരുന്നു. ആറ് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. തന്നെ 35-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത്, ജയ്ഡന്‍ സീല്‍സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്നെത്തിയ വിരാട് 19 പന്തില്‍ 29 റണ്‍സുമായി മടങ്ങി. എന്നാല്‍ ഗില്‍-റുതുരാജ് ഗെയ്കവാദ് (37 പന്തില്‍ 31) സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു

 

117 പന്തില്‍ നിന്നാണ് ഗില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഏകദിന ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറിയാണിത്. 24 ഫോറിന്റേയും ഏഴ് സിക്‌സിന്റേയും അകമ്പടി ഗില്ലിന്റെ ഇരട്ട സെഞ്ചുറിക്കുണ്ടായിരുന്നു. ഒന്നാകെ 26 ഫോറും എട്ട് സിക്‌സുമാണ് ഗില്‍ നേടിയത്.നേരത്തെ, തുടക്കത്തില്‍ തന്നെ വിന്‍ഡീസിന് ഓപ്പണര്‍ കീസി കാര്‍ട്ടിയുടെ (9) വിക്കറ്റ് നഷ്ടമായിരുന്നു. പരിക്കേറ്റ് ജസ്റ്റിന്‍ ഗ്രീവ്‌സിന് പകരം ഓപ്പണറായെത്തിയ താരത്തെ പ്രസിദ്ധ് കൃഷ്ണ, നമന്‍ ധിറിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കാംപെല്‍ – ഹോപ്പ് സഖ്യം 110 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ കാംപെല്‍ സെഞ്ചുറിയും പൂര്‍ത്തിയാക്കി. 68 പന്തുകള്‍ മാത്രം നേരിട്ട താരം അഞ്ച് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെയാണ് 101 റണ്‍സ് നേടിയത്.

 

തുടര്‍ന്നെത്തിയ ജാംഗൂ ഉത്തരവാദിത്തം ഏറ്റെടുത്തു. ക്യാപ്റ്റന്‍ ഹോപ്പിനൊപ്പം 182 റണ്‍സ് ചേര്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 40-ാം ഓവറിന്റെ അവസാന പന്തിലാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ അക്വിബ് നബിക്ക് ക്യാച്ച് നല്‍കി ഹോപ്പ് മടങ്ങി. 94 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും എട്ട് ഫോറും നേടിയിരുന്നു. പിന്നാലെ വിന്‍ഡീസിന്റെ ഇന്നിംഗ്‌സിന് വേഗം കുറയുകയാണ് ചെയ്തത്. ഷെഫാനെ റുതര്‍ഫോര്‍ഡ് (0) നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി. ബ്രാറിനായിരുന്നു വിക്കറ്റ്.

ഇതിനിടെ സെഞ്ചുറി പൂര്‍ത്തിയാക്കിയ ജാംഗൂ 43-ാം ഓവറിലും പുറത്തായി. ജഡേജയുടെ പന്തില്‍ റുതുരാജ് ഗെയ്ക്വാദിന് ക്യാച്ച്. കീമോ പോള്‍ (3), അല്‍സാരി ജോസഫ് (8) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിയാതെ പോയി. റോസ്റ്റണ്‍ ചേസിനാവട്ടെ (25 പന്തില്‍ 29) അവസാന ഓവറുകളില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ കഴിഞ്ഞതുമില്ല. ഷമാര്‍ ജോസഫ് (8 പന്തില്‍ 14) ചേസിനൊപ്പം പുറത്താവാതെ നിന്നു. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. 10 ഓവര്‍ എറിഞ്ഞ ബ്രാര്‍ 96 റണ്‍സ് വഴങ്ങി. ജഡേജ 75 റണ്‍സും കുല്‍ദീപ് 65ഉം വിട്ടുകൊടുത്തു. 8.5 ഓവര്‍ എറിഞ്ഞ അരങ്ങേറ്റക്കാരന്‍ അക്വിബ് നബി 84 റണ്‍സാണ് വഴങ്ങിയത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!