ന്യൂഡെൽഹി :രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വിലകൂട്ടി. 62-65 രൂപ വരെയാണ് ഉയർത്തിയത്. ഇതോടെ രാജ്യതലസ്ഥാനത്ത് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 2,810 രൂപയായി.മുംബൈ-2,701 രൂപ, കൊൽക്കത്തയിൽ- 2,982 രൂപ, ചെന്നൈ- 2,916.50 രൂപ എന്നിങ്ങനെയാണ് ഇന്നത്തെ വില.
അതേസമയം കൊച്ചിയിൽ വില 2828 രൂപയായി. കോഴിക്കോട്ട് 2860.5 രൂപയും തിരുവനന്തപുരത്ത് 2849 രൂപയുമാണ് വില. മാസത്തിൻ്റെ തുടക്കം തന്നെയുള്ള വർധനവ് ഹോട്ടലുകൾക്ക് വലിയ തിരിച്ചടിയാണ്. അതേസമയം ഗാർഹിക എൽപിജികൾക്ക് വില ഉയർത്തിയിട്ടില്ല.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നാണ് എൽപിജി വിലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ, ഗ്യാസ് വിതരണം തടസപ്പെട്ടത് ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സംഘർഷം രൂക്ഷമായ സമയത്ത് കടുത്ത പാചകവാതക പ്രതിസന്ധി തന്നെ രാജ്യത്ത് അനുഭവപ്പെട്ടിരുന്നു. സംഘർഷത്തെ തുടർന്ന് എണ്ണവില വലിയ തോതിൽ ഉയർന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബ്രൻ്റ് ക്രൂഡ് വില ബാരലിന് 108 ഡോളറായി. യു.എസ് ഡബ്ല്യുടിഐ ക്രൂഡ് ഓയിൽ ബാരലിന് 96 ഡോളറായിരുന്നു.കഴിഞ്ഞ മാസം മാത്രം ബെൻ്റ് ക്രൂഡ് ഓയിൽ വിലയിൽ 16 ശതമാനത്തിൻ്റെ വർധനവാണ് രേഖപ്പെടുത്തിയത്
