സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; നവംബര്‍ ആദ്യവാരം മുതല്‍ ബസ് പണിമുടക്ക്

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രക്ഷോഭത്തിലേക്ക്. ഒക്ടോബര്‍ 14ന് ബസുടമകളും കുടുംബങ്ങളും തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.

 

പ്രിയദര്‍ശിനി പദ്ധതി മൂലം പ്രതിസന്ധിയിലായ ബസുടമകളെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക. വിദ്യാര്‍ത്ഥികളുടെ ടിക്കറ്റ് നിരക്ക് ഉള്‍പ്പെടെയുള്ള ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക. ടൈമിംഗ് കോണ്‍ഫറന്‍സുകള്‍ ഓണ്‍ലൈനായി മാത്രം നടത്തണമെന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.

 

സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരും വിദഗ്ധ സമിതിയും മുന്നോട്ടുവച്ച പാക്കേജുകളോ, പെര്‍മിറ്റുള്ള ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താമെന്ന വിദഗ്ധ സമിതി ശുപാര്‍ശയോ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മൂന്ന് ഘട്ടങ്ങളിലായി സമരപരിപാടികള്‍ നടത്തുന്നത്. ഒക്ടോബര്‍ 14ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചിനും ധര്‍ണയ്‌ക്കും ശേഷം ഒക്ടോബര്‍ അവസാന വാരം സംഘടനാ ഭാരവാഹികള്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തും.

 

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമായില്ലെങ്കില്‍ നവംബര്‍ ആദ്യവാരം സംസ്ഥാനവ്യാപകമായി സര്‍വീസുകള്‍ പൂര്‍ണമായി നിര്‍ത്തിവച്ച് പണിമുടക്കു നടത്തുമെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!