കൊല്ലം: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കൊല്ലം പത്തനാപുരത്ത് ഉണ്ടായ കാട്ടാന ആക്രമണത്തിൽ വയോധികയ്ക്കാണ് ജീവൻ നഷ്ടമായത്. കടശ്ശേരി സ്വദേശി രാജമ്മ (80) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെയായിരുന്നു രാജമ്മയെ കാട്ടാന ആക്രമിച്ചത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വനത്തിലൂടെ കടന്നുപോകുന്ന പാതയിലായിരുന്നു സംഭവം. കാട്ടാനയെ കണ്ടതോടെ രാജമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നവർ പല ഭാഗങ്ങളിലേക്കായി ചിതറിയോടി. എന്നാൽ രാജമ്മയ്ക്ക് ഓടി രക്ഷപ്പെടാനായില്ല. ഇവർ ആനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു.
കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജമാമയെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. രാജമ്മയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമെന്നാണ് നാട്ടുകാരും പ്രദേശവാസികളും പ്രതികരിച്ചത്
